Tuesday, January 7, 2020

ശബ്ദവിസ്മയത്തിന്റെ പൂന്തോട്ടമൊരുക്കി റേഡിയോ ഗാർഡൻ


പ്രിൻസ്‌ അലക്സ്‌ :
ഒരു കുഞ്ഞു ട്രാൻസിസ്റ്റർ റേഡിയോ ട്യൂൺ ചെയ്തു സിലോൺ റേഡിയോയും റേഡിയോ മോസ്കോയും ബി.ബി. സിയും റേഡിയോ നെതർലൻസും ചെവിയോർത്തിരുന്ന ഒരു ബാല്യകാലം നിങ്ങൾക്കുണ്ടായിരുന്നോ? അതെയെന്നാണുത്തരമെങ്കിൽ നിങ്ങൾക്കു സ്വാഗതം - ശബ്ദവസന്തത്തിന്റെ പൂന്തോട്ട ത്തിലേക്ക്‌!



അതെ; കാലത്തിനൊത്തു റേഡിയോപ്രക്ഷേപണവും മാറുകയാണ്‌. ഒരു കമ്പ്യൂട്ടറോ മൊബൈൽ ഫോണോ ഉണ്ടെങ്കിൽ ലോകത്തിന്റെ ചുറ്റുംനിന്ന്‌, ഏതാണ്ട്‌ എണ്ണായിരത്തോളം റേഡിയോ പ്രക്ഷേപണങ്ങൾ സ്ഫുടതയോടെ ആസ്വദിക്കാനാകുന്ന സംവിധാനം നിലവിൽ വന്നുകഴിഞ്ഞു. മലയാളത്തിലെ ഇരുപതോളം സ്റ്റേഷനുകളും നിങ്ങൾക്കിതിൽ കേട്ടാനന്ദിക്കാം. ഇന്റർനെറ്റിലെ ഈ വലിയ ശബ്ദപേടകത്തിന്റെ പേര്‌ - റേഡിയോ ഗാർഡൻ.

നെതർലൻഡ്സ്‌ ആസ്ഥാനമാക്കിയുള്ള നെതർലാൻഡ്സ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഫൊർ സൗണ്ട്‌ ആൻഡ്‌ വിഷൻ ആണ്‌ ഈ ഭ്രാന്തൻ ആശയം സാക്ഷാൽക്കരിച്ചിരിക്കുന്നത്‌. ഒരു കോടിയ്ക്കടുത്തു ശ്രോതാക്കൾ ഓരോ മാസവും ഈ വെബ്സൈറ്റിൽ കേഴ്‌വിക്കാരായിയെത്തുന്നെന്നാണു കണക്ക്‌.

വളരെ എളുപ്പത്തിൽ നിങ്ങൾക്ക്‌ ഈ ഗാർഡൻ സന്ദർശിക്കാം; പാട്ടുകളോ ചർച്ചകളോ, വാർത്തകളോ കേൾക്കാം. ഇന്റർനെറ്റിന്റെ അഡ്രസ്സ്‌ ബാറിൽ https://radio.garden/ എന്നു ടൈപ്പു ചെയ്യുക. ഒരു ഭൂഗോളത്തിന്റെ ചിത്രം കറങ്ങിക്കറങ്ങി വരും; അതു നമ്മളിപ്പോഴുള്ളയിടത്തു നിശ്ചലമാകുമ്പോൾ അവിടെക്കാണുന്ന പച്ചനിറമുള്ള കുത്തുകളിൽ ക്ളിക്കു ചെയ്താൽ ആ സ്ഥലത്തുനിന്നുള്ള റേഡിയോ പ്രക്ഷേപണം നമുക്കു തിരഞ്ഞെടുക്കാനാകും. ഉദാഹരണത്തിനു ഞാനിപ്പോഴുള്ള തിരുവനന്തപുരം നഗരത്തിൽ അനന്തപുരി എഫ്‌.എം, ആകാശവാണി, ക്ളബ്‌ എഫ്‌.എം തുടങ്ങി ഒൻപതു സ്റ്റേഷനുകൾ കിട്ടുന്നുണ്ട്‌. ഇനി മറ്റൊരിടത്തെ പ്രക്ഷേപണമാണു കേൾക്കേണ്ടതെങ്കിൽ, അതു ലോകത്തെവിടെയുമാകട്ടെ, ഒരു ക്ളിക്കിന്റെ അകലമേ അവിടേക്കുള്ളു. ഇതാണു റേഡിയോ ഗാർഡന്റെ മാജിക്‌. തിരുവനന്തപുരത്തിരുന്നു കണ്ണൂരിലെ എഫ്‌.എം പരിപാടികൾ തടസ്സമില്ലാതെ കേൾക്കാനാകുക - കുറെ വർഷങ്ങൾക്കു മുമ്പു ചിന്തിക്കാൻ പോലുമാകാതിരുന്ന കാര്യം.

റേഡിയോ ഗാർഡൻ അവതരിപ്പിച്ചത്‌ ഇന്ത്യൻ സ്പേസ്‌ റിസർച്ച്‌ ഓർഗനൈസേഷനാണെന്ന തരത്തിൽ ഒരു പ്രചാരണം സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്‌. അതു ശുദ്ധകളവാണ്‌. ഐ.എസ്‌. ആർ. ഒയ്ക്ക്‌ ഇതുമായി ഒരു ബന്ധവുമില്ലെന്നതാണു സത്യം.  

പുതുവഴികൾ കണ്ടെത്തി ശബ്ദവീചികൾ നമ്മെ തേടി വരികയാണ്‌; റേഡിയോ മരിക്കുന്നുവെന്നു പറയുന്നതു ശുദ്ധമണ്ടത്തരം. 

കൂടുതൽ പറയുന്നില്ല; ട്യൂൺ ചെയ്യുക; ഗൃഹാതുരത്വത്തോടെ കേട്ടു നോക്കുക - റേഡിയോഗാർഡനിലേക്കു സ്വാഗതം.

07.01.2020

Wednesday, December 25, 2019

നൊമ്പരങ്ങളുടെ ശമിക്കാത്ത താളം; ശമനതാളം


                                                                                                                                     പ്രിൻസ്‌ അലക്സ്‌
ഒരു പുസ്തകം ഒന്നിലധികം തവണ വായിക്കാൻ നിങ്ങൾക്കു തോന്നുന്നുവെങ്കിൽ അതൊരു മികച്ച കൃതിയായിരിക്കുമെന്നു പറഞ്ഞതാരാണെന്നോർമയില്ല. അങ്ങിനെ വിശ്വസിച്ചാൽ, കെ. രാധാകൃഷ്ണന്റെ ശമനതാളം മികച്ച ഒരു രചനയാണ്‌.

കോഴിക്കോടു മെഡിക്കൽ കൊളജിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരുടെ ജീവിതതാളത്തിന്റെ കഥ പറയുകയാണ്‌ ഈ കൃതി. അതിൽ നേരായ മിടിപ്പുകളുണ്ട്‌, താളം തെറ്റലുകളുണ്ട്‌, ചിലപ്പോൾ ഋജുവായും മറ്റൊരിക്കൽ തെറ്റിയും മിടിക്കുന്ന ഹൃദയങ്ങളുണ്ട്‌.  രോഗങ്ങൾക്കു മുമ്പിൽ പിടിച്ചു നിൽക്കാൻ രോഗിയെ ഉപദേശിക്കുന്ന ചികിത്സകൻ ഇത്ര വ്യഥകളുടെ മാറാപ്പുമായാണോ നടക്കുന്നതെന്ന്‌ വായനയ്ക്കിടയിൽ, പലപ്പോഴും നമ്മൾ ചോദിച്ചുപോകും.

ബാലു എന്ന ഡോ. ബാലകൃഷ്ണനെ ചുറ്റിപ്പറ്റിയാണ്‌ ഈ കഥ മുന്നോട്ടു പോകുന്നത്‌. ആത്മസംഘർഷങ്ങൾ, ജോലിസ്ഥലത്തെ പ്രശ്നങ്ങൾ, കുടുംബത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങൾ - ഇങ്ങിനെ കൂട്ടിയാൽ കൂടാത്ത കെട്ടുപാടുകൾ വരിഞ്ഞുമുറുക്കുമ്പോഴും എല്ലാം ഇട്ടെറിഞ്ഞു പോകാൻ അദ്ദേഹത്തിനു സാധിക്കുന്നില്ല. 

ജീവിതത്തിൽ എപ്പോഴും കൂടെ നിന്ന പത്നി രോഗക്കിടക്കയിലാകുമ്പോഴും മകളുടെ ചിന്തകൾ വഴിമാറി സഞ്ചരിക്കുമ്പോഴും നിസ്സഹായതയോടെ നിൽക്കാനേ ബാലുവിനു കഴിയുന്നുള്ളൂ. പഠനകാലത്തു സംഭവിച്ച ചില പിഴവുകൾ പ്രതീക്ഷിക്കാത്ത നേരത്ത്‌ ഈ ദുരിതങ്ങളുടെ കനം കൂട്ടുകയും ചെയ്യുന്നതോടെ ആ താളം തെറ്റിത്തുടങ്ങുകയാണ്‌.

മറ്റൊരു ദുരന്തകഥാപാത്രം രതി എന്ന പെൺകുട്ടിയാണ്‌. ഇഷ്ടപ്പെട്ട്‌ ഒരു വിവാഹം നടന്നുവെങ്കിലും മനസ്സു കൊണ്ടും പ്രവൃത്തി കൊണ്ടും ഒരു കുടുംബിനിയാകാൻ അവൾക്കു സാധിക്കുന്നില്ല. എന്നാൽ ഭർത്താവിനെ രതി അമിതമായി സ്നേഹിക്കുകയും ചെയ്യുന്നു. 

പിന്നെയും പിന്നെയും ഇതേപോലെ ദുഃഖകഥാപാത്രങ്ങൾ വന്നു പോകുകയാണ്‌ ഇതിലുടനീളം. വായിച്ചു തീർന്നാലും ഒരു ദുരന്തകാവ്യം പോലെ ഈ ജീവിതങ്ങൾ നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. 

എന്നിട്ടും നമ്മൾ ഈ പുസ്തകം ഇഷ്ടപ്പെടുക തന്നെ ചെയ്യും. കഥകളും ഉപകഥകളുമെല്ലാം ജീവിതത്തിൽനിന്നന്യമായി നമുക്കു തോന്നില്ലയെന്നതാണിതിനു മുഖ്യകാരണം. ബാലുവും വേണിയും രതിയുമൊക്കെ എപ്പോഴും സമൂഹത്തിൽ കാണേണ്ടി വരുന്നവരാണല്ലോ! മാറുന്നതു ചില പേരുകൾ മാത്രം. 

നിരവധി പുരസ്കാരങ്ങൾ ലഭിച്ച ശമനതാളം പ്രസിദ്ധീകരിച്ചതു മാതൃഭൂമിയാണ്‌. നഹൂഷപുരാണം എന്ന നോവലും കെ. രാധാകൃഷ്ണന്റെ വകയാണ്‌. 2001ൽ അദ്ദേഹം അന്തരിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷേ, കുറെ കനപ്പെട്ട സംഭാവനകൾ കൂടി മലയാളസാഹിത്യത്തിനു ലഭിച്ചേനേ. 

ഈ കഥയെ ആസ്പദമാക്കി ശ്യാമപ്രസാദ്‌ സംവിധാനം ചെയ്തവതരിപ്പിച്ച ടി.വി. സീരിയൽ വളരെ ജനപ്രീതി നേടി. ഡോ. ബാലകൃഷ്ണനായി ഇതിൽ അഭിനയിച്ചത്‌ ശ്രീ ബാലചന്ദ്രമേനോനാണ്‌.

എത്രയൊക്കെ പോയാലും ജീവിതമെന്നത്‌ തെറ്റിയും തെറിച്ചും ശമിച്ചുപോകുന്ന ഒരു താളം മാത്രമെന്നു നമ്മെ ചിന്തിപ്പിക്കുന്നു ഈ പുസ്തകം.
24.12.2014


Thursday, December 19, 2019

ശങ്കരചരിതത്തിനൊരു ദൃശ്യാവിഷ്കാരം: ആദി ശങ്കരാചാര്യ


                                                                പ്രിൻസ്‌ അലക്സ്‌ ദേവഭാഷയിൽ ചിന്തിക്കുകയും സംസാരിക്കുകയും കൃതികൾ ചമയ്ക്കുകയും ചെയ്ത ഒരു പരിവ്രാജകന്റെ ജീവിതകഥ അഭ്രപാളികളിൽ പകർത്തുമ്പോൾ അതിനു ഭാഷയെന്താകണം?

തീർച്ചയായും, സംസ്കൃതം തന്നെ. ജി. വി. അയ്യർ എന്ന അഭിനയകലയുടെ ഭീഷ്മാചാര്യൻ ചിന്തിച്ചതും ഇതേ പ്രകാരത്തിലാണ്‌. അങ്ങിനെ 1983ൽ ചരിത്രത്തിൽ ആദ്യത്തെ സംസ്കൃതഭാഷാചലച്ചിത്രം  അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തു വന്നു - ആദി ശങ്കരാചാര്യ. 1983ലെ മികച്ച ചലച്ചിത്രം, മികച്ച തിരക്കഥ, മികച്ച ഛായാഗ്രഹണം, മികച്ച ശബ്ദലേഖനം എന്നിങ്ങനെ നാലു ദേശീയപുരസ്കാരങ്ങളാണ്‌ ഈ ലോ ബജറ്റ്‌ ചിത്രം വാരിക്കൂട്ടിയത്‌.

ശ്രീശങ്കരന്റെ ജീവിതം ആസ്പദമാക്കി മുമ്പും ചലച്ചിത്രങ്ങളുണ്ടായിട്ടില്ലെന്നല്ല; ഭക്തിയായിരുന്നു ഇതിലെല്ലാം അടിസ്ഥാന ഇതിവൃത്തം. ഇവിടെ, ജി.വി. അയ്യർ ശങ്കരനെ നോക്കിക്കാണാൻ ശ്രമിക്കുന്നതു മൂന്നു വീക്ഷണകോണുകളിൽ നിന്നാണ്‌. ശങ്കരനെന്ന ചരിത്ര/ ഐതിഹ്യപുരുഷൻ, ശങ്കരനെന്ന ദാർശനികൻ, ശങ്കരനെന്ന കറ തീർന്ന ഈശ്വരഭക്തൻ എന്നിങ്ങനെ. ഈ ചിത്രം വ്യത്യസ്തമാകുന്നതും കൂടുതൽ ആസ്വാദ്യമാകുന്നതും ഇക്കാരണം കൊണ്ടു തന്നെ!

ശങ്കരന്റെ ബാല്യകാലം പറഞ്ഞു കൊണ്ടാണ്‌ ചിത്രം ആരംഭിക്കുന്നത്‌. കേരളത്തിലെ കാലടിദേശത്തു ജനിച്ച്‌, പിതാവിന്റെ മരണത്തോടെ ജീവിതമൃത്യുക്കളുടെ യാഥാർഥ്യം അനുഭവിച്ചറിഞ്ഞ്, വൈരാഗിയായി മാറുന്ന ശങ്കരന്റെ കുട്ടിക്കാലം വളരെ ലളിതമായാണു പറഞ്ഞുപോകുന്നത്‌. മൃത്യുരഹസ്യങ്ങൾ യമനിൽ നിന്നഭ്യസിക്കാനിറങ്ങിപ്പുറപ്പെടുന്ന നചികേതസിന്റെ കഥ പറയുന്ന ചൊല്ലിയാട്ടവും ഇവിടെ ഭംഗിയായി കൂട്ടിയിണക്കിയിരിക്കുന്നു. സതീർഥ്യസമം ശങ്കരൻ ഇവിടം മുതൽ മൃത്യുവിനെ സ്നേഹപൂർവം ചേർത്തു പിടിയ്ക്കുകയാണ്‌. 

ഗുരുവിനെ അന്വേഷിച്ചു വടക്കൻദേശത്തേക്കുള്ള യാത്രയും പഠനകാലവുമാണ്‌ തുടർന്നുള്ള ഭാഗത്തു കാണാൻ സാധിക്കുക.  ഇവിടെ പശ്ചാത്തലം പൂർണമായി മാറിക്കഴിഞ്ഞു - ജ്ഞാനാന്വേഷകനായ സന്യാസിയുടെ രൂപഭാവങ്ങളിലേക്കു ബാലകഭാവത്തിൽനിന്നും ശങ്കരൻ രൂപാന്തരപ്പെടുന്നു.  

അഭ്യസനാനന്തരം അദ്വൈതവേദാന്തദർശനത്തിന്റെ പ്രചാരകനായി മാറുന്ന ശങ്കരനെന്ന പരിപുർണസന്യാസിയുടെ വേഷപ്പകർച്ച ചിത്രത്തിന്റെ മൂന്നാം ഭാഗത്തിൽ ദൃശ്യമാകുന്നു. ഈശ്വരന്റെ സർവഭാവിത്വം ശങ്കരനു ബോധ്യമാകുന്നത്  ഈ ഘട്ടത്തിലാണ്‌. കേവലമായ ശബ്ദഘോഷങ്ങളല്ല, കലർപ്പില്ലാത്ത ഭക്തിയാണ്‌ ഈശ്വരസാക്ഷാത്കാരത്തിന്റെ ചവിട്ടുപടിയെന്നു സാമാന്യജനങ്ങളെ ഉദ്ബോധിപ്പിക്കുമ്പോൾത്തന്നെ ജ്ഞാനാന്വേഷണമാണ്‌ ഒരു ദാർശനികന്റെ മാർഗമെന്നു ശിഷ്യന്മാരെ പഠിപ്പിക്കുന്ന ശങ്കരനെന്ന ആചാര്യൻ സ്വജീവിതകർമങ്ങൾ പുർത്തിയാക്കി മോക്ഷപാതയിലേക്കു കടക്കുകയാണ്‌ അവസാന ഷോട്ടിൽ. 

ചലച്ചിത്രത്തിന്റെ വിജയം കഥയുടെ ഈ അവതരണരീതി മാത്രമാണെന്നു കരുതുക വയ്യ. ചിത്രത്തിന്റെ മുഖ്യഭാഗങ്ങളിൽ പശ്ചാത്തലമായും അല്ലാതെയും ചേർത്തിരിക്കുന്ന സംസ്കൃതശ്ളോകങ്ങൾ എത്രമാത്രം സന്ദർഭങ്ങളോടിഴുകിച്ചേർന്നിർക്കുന്നുവെന്നു ചിത്രം കണ്ടാലേ അറിയൂ. അതേപോലെയാണ്‌ മധു അമ്പാട്ടിന്റെ ഛായാഗ്രഹണവും. കടുപ്പമില്ലാത്ത നിറക്കൂട്ടിൽ ഒരു വൈദികകാലം മൊത്തമായി ഒപ്പിയെടുത്തിട്ടുണ്ട്‌ അദ്ദേഹത്തിന്റെ ക്യാമറ. 

മ്യൂസിക്‌ ഡയറക്റ്ററായി ഡോ. എം. ബാലമുരളീകൃഷ്ണ, കലാസംവിധായകനായി പി. കൃഷ്ണമൂർത്തി തുടങ്ങി പ്രമുഖരുടെ ഒരു നിര തന്നെ ചിത്രത്തിന്റെ പിന്നിലുണ്ട്‌. സർവദമൻ ഡി. ബാനർജിയാണ്‌ ആദിശങ്കരനെ ചിത്രത്തിൽ അനശ്വരമാക്കിയിരിക്കുന്നത്‌.  

ഏറ്റവും ചുരുക്കത്തിൽ, ഗൗരവതരമായ ഒരു ചലച്ചിത്രക്കാഴ്ചയ്ക്ക്‌ ഈ ചിത്രം അവസരമുണ്ടാക്കും. തീർച്ച!

19.12.2014

Monday, December 16, 2019

തിരുവനന്തപുരം: പഴമയുടെ തിരുമുഖം

                                                                                                                 
                                                                                                                 


                                           പ്രിൻസ്‌ അലക്സ്‌ 
തിരുവനന്തപുരം നഗരത്തിനു പ്രത്യേകമായ ഒരു നിറപ്പകർച്ചയും ജീവിതതാളവുമുണ്ടെന്നു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഇതിലെ ഒരോട്ടപ്രദക്ഷിണം നടത്തിയാൽ നഗരത്തിന്റെ മുക്കിലും മൂലയിലും മറഞ്ഞിരിക്കുന്ന പഴമയുടെ ഗന്ധം  തിരിച്ചറി യാനാകുകയും ചെയ്യും. അതിനു വല്ലാത്ത ഒരാക ർഷണീയതയുണ്ട്‌. ഇവിടെ വന്നുകൂടുന്നവരാരും തിരികെ മടങ്ങാനാഗ്രഹിക്കാറില്ല; ഏറെക്ക ഴിയാതെ അവരും ഈ നഗരത്തിന്റെ ഭാഗമായിത്തീരുകയാണു പതിവ്‌.



കോവിൽപ്പട്ടണം
ക്ഷേത്രങ്ങളുടെ നഗരമാണു തിരുവനന്തപുരം. പ്രദക്ഷിണം തുടങ്ങേണ്ടതു പത്മതീർഥക്കരയിൽനിന്നു തന്നെ. ഏഴര വെളുപ്പിനെത്തി ശ്രീപത്മനാഭനെ കണ്ടു തൊഴുകയെന്നതു തിരുവനന്തപുരത്തുകാരന്റെ നൊസ്റ്റാൾജിയയാണ്‌. അതിനും താഴേവഴിയിൽ ആൽത്തറഗണപതിയേയും പഴവങ്ങാടി ഗണേശനെയും നമസ്കരിക്കാതെ കഴിയുമോ? ശ്രീകണ്ഠേശ്വരം മഹാദേവനെയും കണ്ടു കോട്ടയ്ക്കു പുറത്തിറങ്ങിയാൽ രണ്ടു കിലോമീറ്ററകലെ ആറ്റുകാൽ ഭഗവതി ആശ്രിതവത്സലയായി സ്നേഹം ചൊരിഞ്ഞു നിൽക്കുന്നു. 

ഇങ്ങിനെ പറഞ്ഞുതുടങ്ങിയാൽ തിരുവനന്തപുരത്തെ ക്ഷേത്രപുരാണം തീരില്ല; ഇരുനൂറടുപ്പിച്ചു കോവിലുകൾ ഇവിടെയുണ്ടെന്നാണു കണക്ക്‌!  ഈ നാടിന്റെ ദേശചരിത്രം ഈ ദേവസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നതാണു യാഥാർഥ്യം.

ചരിത്രവഴികളിലെ പ്രദക്ഷിണങ്ങൾ
രാജവീഥിയിൽ, വെള്ളയമ്പലം മുതൽ കിഴക്കേക്കോട്ട വരെ ഒന്നു നടന്നു നോക്കു. അപ്പോൾ കാണാം നൂറ്റാണ്ടുകൾ തന്നെ പഴക്കമുള്ള ശേഷിപ്പുകൾ. കനകക്കുന്നു കൊട്ടാരവും മ്യൂസിയവും കടന്നു കല്ലിൽ പണിഞ്ഞ ഒരു ക്രൈസ്തവദേവാലയത്തിന്റെ മുമ്പിൽ നമ്മളെത്തുന്നു. 1838ൽ സാമുവൽ മറ്റീർ എന്ന വിദേശമിഷനറി സ്ഥാപിച്ചതാണിത്‌. തൊട്ടിപ്പുറം ഒരു കാലത്തു താരമായിരുന്ന രാമറാവു വിളക്ക്‌ ആരാലും ശ്രദ്ധിക്കപ്പെടാതെ മിഴിപൂട്ടി നിൽക്കുകയാണ്‌.

പാളയത്തേക്കു കടന്നാൽ ചരിത്രനായകന്മാർ പലരുടേയും ആസ്ഥാനമായിരുന്ന യൂണിവേഴ്സിറ്റി ഹോസ്റ്റൽ, നഗരത്തിന്റെ വിജ്ഞാനഭണ്ഡാരമായ പബ്ളിക്‌ ലൈബ്രറി, കലാകേന്ദ്രമായ ഫൈൻ ആർട്സ്‌ കോളജ്‌, ഇപ്പുറം പാളയം കത്തീഡ്രൽ, എതിർവശത്തായി പാളയത്തെ മോസ്ക്‌, അതിനടുത്തായി വിഘ്നേശ്വരക്ഷേത്രം - അങ്ങിനെ പോകുന്നു വഴിക്കാഴ്ചകൾ. 

വി. ജെ.റ്റി ഹാളിനടുത്തെത്തുമ്പോൾ ഒരു നിമിഷം കണ്ണടച്ചു നിൽക്കുക - നാടിന്റെ സാംസ്കാരികനവോത്ഥാനചരിത്രം ഇമ്പത്തിൽ മുഴങ്ങുന്നതു കേൾക്കാനാകും. ഇപ്പോൾ മഹാത്മാ അയ്യങ്കാളിയുടെ നാമത്തിലാണ്‌ ഇവിടം അറിയപ്പെടുന്നത്‌. കൂട്ടത്തിൽ സംസ്കൃത കോളജിനേയും യൂണിവേഴ്സിറ്റി കോളജിനേയും കാണാതെ പോകാനാകുമോ?  മഹാരഥന്മാർ പഠിച്ചും പഠിപ്പിച്ചും കളമൊഴിഞ്ഞ മണ്ണാണിത്‌. 

നാടിന്റെ ഭരണയന്ത്രം തിരിക്കുന്ന സെക്രട്ടറിയറ്റ്‌ സ്റ്റാച്ച്യൂ ജംഗ്ഷനിലാണ്‌. പിന്നെയും യാത്ര തുടർന്നാൽ ആയുർവേദ കോളജ്‌, എസ്‌.എം.വി സ്കൂൾ വഴി നമ്മൾ കിഴക്കെക്കോട്ടയെത്തുന്നു; അൽപം കൂടി മുന്നോട്ടു നീങ്ങിയാൽ വെട്ടിമുറിച്ച കോട്ടയ്ക്കു മുമ്പിലും. പത്മനാഭന്റെ മണ്ണിലെ ഈ യാത്ര തീരുകയേയില്ല; നിവർന്നും വളഞ്ഞും വഴികൾ ഇവിടെ മുന്നോട്ടു കിടക്കുകയാണ്‌.


പ്രതിമകളുടെ നഗരം
തിരുവനന്തപുരത്തു വഴിയരികിൽ അൽപ്പം ഒഴിഞ്ഞയിടമുണ്ടെങ്കിൽ അവിടെയൊരു പ്രതിമയും കാണുമെന്നു തമാശയായി പറയാറുണ്ട്‌. കുറയൊക്കെ വാസ്തവമില്ലാതെയുമില്ല ഇതിൽ. നാൽപ്പതിൽപ്പരമാണ്‌ നഗരത്തിൽ പ്രതിമകളുടെ എണ്ണം. അവരിൽ പ്രമുഖർ ഇവർ - ബി. ആർ അംബേദ്കർ, ടി.മാധവരായർ, കേരളപാണിനി എ. ആർ. രാജരാജവർമ, പട്ടം താണുപിള്ള, മഹാകവി കുമാരൻ ആശാൻ, ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ, നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌, മഹാകവി ഉള്ളൂർ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, ശ്രീ അയ്യങ്കാളി, വയലാർ, വേലുത്തമ്പി ദളവാ, ഇ.എം.സ്‌, അക്കാമ്മ ചെറിയാൻ. 

ഇക്കൂട്ടത്തിൽ അവസാനം കടന്നുവന്നതാണ്‌ കെ.കരുണാകരന്റെ രൂപം. കനകക്കുന്നു കൊട്ടാരത്തിനടുത്താണു സ്ഥാനം. 

മാറുന്ന കാലം
കുതിച്ചും കിതച്ചും മുന്നോട്ടോടി, ഒരു നിമിഷം തിരിഞ്ഞു നോക്കുമ്പോഴാണ്‌ വന്ന വഴികളിൽ എന്തൊക്കെയോ മാറിപ്പോയിയെന്ന ബോധ്യമുണ്ടാകുന്നത്‌. 

കെ.എസ്‌.ആർ.ടി.സി മാത്രമടക്കി വാണിരുന്ന രാജവീഥിയിൽ സ്വകാര്യബസുകൾ വന്നിട്ട്‌ ഇരുപത്തഞ്ചു വർഷത്തിനടുത്തേയായുള്ളൂ. ആഴ്ചകൾ നീണ്ട ഒരു ട്രാൻസ്പോർട്ടു ബസ്‌ സമരത്തിന്റെ ബാക്കിപത്രമായിരുന്നു അത്‌. അന്നൊക്കെ രണ്ടു കണ്ടക്ടർമാരുള്ള ട്രെയിലർ ബസു കാണാമായിരുന്നു നിരത്തിലൊക്കെ; ഒപ്പം ഡബിൾഡക്കറുകളും. വാഹനങ്ങൾ ഇന്നത്തേതിന്റെ നാലിലൊന്നു മാത്രം. വഴികൾ കാര്യമായി വികസിച്ചതുമില്ല. 

തിരുവനന്തപുരത്തെ യുവതലമുറ ചർച്ചിച്ചു ചർച്ചിച്ചു വളർന്ന ഒരിടമുണ്ട്‌;  അവശിഷ്ടം പോലുമിന്നില്ലാത്ത സ്പെൻസറിലെ കോഫി ഹൗസ്‌. പഴയ തലമുറയ്ക്ക്‌ അതുമൊരു നൊസ്റ്റാൾജിയ തന്നെ. 

അതെ; തിരുവനന്തപുരം മാറുകയാണ്‌, വളരെ വേഗം.  പുതിയ പാർപ്പിടങ്ങൾ, പുതിയ വ്യക്തികൾ, പുതിയ ചിന്തകൾ - റിപ്‌ വാൻ വിങ്കിളിനേപ്പോലെ കുറേക്കാലം ഒന്നുറങ്ങി എണീറ്റു നോക്കിയാൽ ഇതെവിടെയാണെന്നു പോലും നിങ്ങൾ അതിശയിച്ചുപോകും;  അത്ര തിടുക്കത്തിലാണു ഈ നഗരത്തിൽ കാലം കടന്നുപോകുന്നത്‌.

16.12.2019

Monday, November 18, 2019

ജീവിതവഴികളിൽ വീണുപോയവർക്കു കൈത്താങ്ങായി ജില്ലാ ആയുർവേദ ആശുപത്രി



പ്രിൻസ്‌ അലക്സ്‌ :

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആശ്രാമത്തെ ജില്ലാ ആയുർവേദ ആശുപത്രി നടപ്പിലാക്കി വരുന്ന സാന്ത്വനപരിചരണപദ്ധതിയ്ക്ക്‌ ഒരു വയസ്‌. 2018 നവംബറിൽ ആരംഭിച്ച ഈ സംരംഭം മുഖേന ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി  350ലധികം കിടപ്പുരോഗികൾക്കു നേരിട്ടു പ്രയോജനം ലഭിക്കുകയുണ്ടായി.  അടുത്ത ഒരു വർഷം കൊണ്ട്‌ ഇതിനിരട്ടി ആൾക്കാരെ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാനാണു ലക്ഷ്യമിടുന്നതെന്ന്‌ ആശുപത്രി അധികൃതർ അറിയിച്ചു.

ജില്ലാ ആയുർവേദ ആശുപത്രി ചീഫ്‌ മെഡിക്കൽ ഓഫീസർക്കാണ്‌ പദ്ധതി നടത്തിപ്പിന്റെ ചുമതല. അദ്ദേഹത്തിനു കീഴിൽ ഒരു മെഡിക്കൽ ഓഫിസറും കെയർടേക്കറും ഉൾപ്പെടുന്ന മെഡിക്കൽ ടീം ഓരോരോ പ്രദേശങ്ങളിലായി വീടുകളിൽ സന്ദർശനം നടത്തി ഔഷധങ്ങളും ചികിത്സയും നൽകുന്ന ഹോം കെയർ പരിപാടിയാണ്‌ ഇപ്പോൾ ആസൂത്രണം ചെയ്തു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്‌. അപകടങ്ങളിൽ  കടുത്ത പരുക്കുകൾ പറ്റി ശയ്യാവലംബികളായവർ, കാൻസർ രോഗികൾ, പക്ഷാഘാതരോഗികൾ, ജനിതകവൈകല്യങ്ങളാലും ജന്മനായുള്ള തകരാറുകളാലും ചലനസ്വാതന്ത്ര്യമില്ലാതെയായവർ, ബുദ്ധിമാന്ദ്യമുള്ളവർ തുടങ്ങിയവർക്കാണ്‌ ഇതു മൂലം പരമാവധി പ്രയോജനം ലഭിക്കുക. രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി വരുന്ന കൗൺസിലിംഗും ഹോം കെയർ പരിപാടിയുടെ ഭാഗമാണ്‌. രണ്ടാംഘട്ടമായി, കിടത്തിച്ചികിത്സ ആവശ്യമായ രോഗികളെ ആശുപത്രിയിലെത്തിച്ച്‌ ആവശ്യമായ പരിചരണം നൽകാനുള്ള പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി മെഡിക്കൽ ടീം കോർഡിനേറ്റർ ഡോ. ശ്രീരാജ്‌ മോഹൻ പറഞ്ഞു.

ഔഷധങ്ങൾക്കുൾപ്പെടെ, സാന്ത്വനപരിചരണ പദ്ധതിയ്ക്കാവശ്യമായ തുക ലഭ്യമാക്കിയിരിക്കുന്നത്‌ കൊല്ലം ജില്ലാ പഞ്ചായത്താണ്‌. ഭവനസന്ദർശനത്തിനാവശ്യമായി വാഹനവും വിട്ടു നൽകിയിട്ടുണ്ട്‌. ഓരോ പഞ്ചായത്തിലുമുള്ള മെഡിക്കൽ ഓഫീസർമാരുടെ സഹകരണവും ആശാവർക്കർമാരുടെ സേവനവും ഉറപ്പുവരുത്തി ആരോഗ്യവകുപ്പും ഇക്കാര്യത്തിൽ കലവറയില്ലാത്ത സഹായം നൽകുന്നുണ്ട്‌. ജനപ്രതിനിധികളും ഇതര പൊതുപ്രവർത്തകരും മെഡിക്കൽ ടീമിനൊപ്പം രോഗികളുടെ വീടുകളിലെത്തി ഈ പ്രവർത്തനങ്ങളുടെ ഏകോപനം ഉറപ്പുവരുത്തുന്നു. പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും അത്യാവശ്യഘട്ടങ്ങളിൽ ഏതു സമയവും മൊബൈൽ നമ്പർ വഴി മെഡിക്കൽ ടീമുമായി ബന്ധപ്പെടാൻ കഴിയും. 

ആയുർവേദ ആശുപത്രി വഴി നടപ്പാക്കിവരുന്ന സാന്ത്വനപരിചരണപദ്ധതിയെപ്പറ്റി കേട്ടറിഞ്ഞ്‌ സഹായഹസ്തം വാഗ്ദാനം ചെയ്തവർ നിരവധി. രോഗികൾക്കു വേണ്ടി ഡയപ്പറുകൾ, പുതപ്പുകൾ, വസ്ത്രങ്ങൾ തുടങ്ങിയവ നൽകുന്നതിനു വ്യക്തികളും സംഘടനകളും മുന്നോട്ടു വന്നിട്ടുണ്ട്‌. ഇക്കഴിഞ്ഞ ഓണത്തിന്‌ ഏറ്റവും നിർദ്ധനരായ ഇരുപത്തിയഞ്ചു രോഗികളെ തിരഞ്ഞെടുത്ത്‌ അരി, പലവ്യഞ്ജനം, പച്ചക്കറികൾ, ഓണക്കോടി എന്നിവയടങ്ങുന്ന കിറ്റ്‌ വിതരണം ചെയ്യുകയുണ്ടായി. ഇതിന്റെ ഭാഗമായി നടന്ന ഭവനസന്ദർശനത്തിൽ ജില്ലാ പഞ്ചായത്തു പ്രസിഡന്റ്‌, ആരോഗ്യസ്റ്റാൻഡിംഗ്‌ കമ്മറ്റി ചെയർ പേഴ്സൺ തുടങ്ങിയവർ ആദ്യാവസാനം പങ്കെടുത്തു.

ജില്ലാ ആസ്ഥാനത്തോടു ചേർന്ന പഞ്ചായത്തുകളിലാണ്‌ ഇപ്പോൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്‌. അധികം താമസിയാതെ തന്നെ ജില്ലയുടെ വിദൂരഭാഗങ്ങളിലും പദ്ധതി വ്യാപിപ്പിക്കാൻ സാധിക്കുമെന്നാണ്‌ ആശുപത്രി അധികൃതരുടെ പ്രതീക്ഷ.

18.11.2019

Sunday, November 17, 2019

വൃശ്ചികം 1; ഭക്തിസാഗരത്തിലാറാടി ശബരിമല




പ്രിൻസ്‌ അലക്സ്‌:

മണ്ഡലകാലതീർഥാടനത്തിനായി ശബരിമല നട ഇന്നലെ തുറന്നു. വൃശ്ചികം ഒന്നായ ഇന്നു മുതൽ ഭക്തലക്ഷങ്ങൾ ശരണം വിളികളുമായി സന്നിധാനത്തേക്ക്‌ എത്തിച്ചേരുമെന്നാണു കണക്കുകൂട്ടൽ. നിലയ്ക്കലും പമ്പയിലും ഇന്നലെത്തന്നെ ജനത്തിരക്കാരംഭിച്ചിട്ടുണ്ട്‌.

തിരുനാവായ അരീക്കൽ മനയിൽ സുധീർ നമ്പൂതിരിയാണ്‌ സന്നിധാനത്തെ പുതിയ മേൽശാന്തി. ഇന്നലെ നടന്ന ലളിതമായ ചടങ്ങിൽ തന്ത്രി കണ്ഠരര്‌ മഹേഷ്‌ മോഹനര്‌ അദ്ദേഹത്തെ ശ്രീകോവിലിലേക്കാനയിച്ചു. ഇനിയത്തെ ചടങ്ങുകൾ ഇദ്ദേഹത്തിന്റെ കാർമികത്വത്തിലാണ്‌ നടക്കുക.

കഴിഞ്ഞ കൊല്ലത്തേപ്പോലെ കലുഷിതമായ അന്തരീക്ഷം തീർഥാടനകാലത്തു ശബരിമലയിലുണ്ടാകില്ലെന്നാണു കരുതുന്നത്‌. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ കോടതിവിധിയിലൂടെ പരിഹരിക്കാനായിട്ടില്ലെങ്കിലും തർക്കങ്ങൾ ഒഴിവാക്കാനാണ്‌ പൊതുവെയുള്ള തീരുമാനം. സുപ്രീം കോടതിയുടെ അന്തിമവിധി വന്നതിനുശേഷം മാത്രമേ ഇക്കാര്യത്തിൽ ഇനി എന്തെങ്കിലും തുടർനടപടികൾ ഉണ്ടാകാനിടയുള്ളു. 

ഭക്തന്മാർക്കു സുഗമമായ ദർശനം നടത്തുന്നതിനായുള്ള ക്രമീകരണങ്ങൾ മിക്കവാറും പുർത്തിയായതായി ഗവൺമെന്റു വൃത്തങ്ങളും ദേവസ്വം ബോർഡും അറിയിച്ചു. പോലീസ്‌, വൈദ്യുതി, ആരോഗ്യം തുടങ്ങിയ വകുപ്പുകൾ നേരത്തെ തന്നെ സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും എരുമേലിയിലും ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്‌. മകരവിളക്കുത്സവം കഴിയുന്നതുവരെ ഈ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ തുടരും.

ക്രമസമാധാനപ്രശ്നങ്ങൾ കാര്യമായി പ്രതീക്ഷിക്കുന്നില്ലെങ്കിലും പോലീസ്‌ ജാഗ്രതയിൽത്തന്നെയാണ്‌. ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പോലിസിനെ പലയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്‌. അടിയന്തിരഘട്ടങ്ങൾ ഉണ്ടായാൽ നേരിടുന്നതിനായി ദ്രുതകർമസേനയും രംഗത്തുണ്ട്‌.  

രാവിലെ മൂന്നു മണിയ്ക്കാണ്‌ സന്നിധാനത്തു നട തുറക്കുക. ഉച്ചയ്ക്ക്‌ ഒരു മണിയ്ക്ക്‌ അടച്ച്‌, വൈകിട്ടു മൂന്നു മണിയ്ക്ക്‌ വീണ്ടും തുറക്കും. രാത്രി പതിനൊന്നു മണിയ്ക്ക്‌ ഹരിവരാസനം പാടി വീണ്ടും നടയടയ്ക്കുന്നതോടെ ഒരു ദിവസത്തെ വിശുദ്ധകർമങ്ങൾക്കു പരിസമാപ്തിയാകും.

17.11. 2019

Saturday, November 16, 2019

മധുരം; ഈ മലയാളം!

പ്രിൻസ് അലക്സ് :

ഒരു പഴയ മലയാളസാഹിത്യമാസിക കൂടി വെളിച്ചത്തിലേക്ക്‌. 1930കളിൽ കേരളം എന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്ന മാസികയുടെ ഏതാനും പതിപ്പുകളാണ്‌ ഡിജിറ്റൽ രൂപത്തിൽ പുറത്തുവരിക. കേരളവുമായി ബന്ധപ്പെട്ട പൊതുസഞ്ചയരേക്ഷകൾ ഡിജിറ്റലൈസ്‌ ചെയ്ത്‌, ഇന്റർനെറ്റു വഴി സൗജന്യമായി ലഭ്യമാക്കാൻ ഒറ്റയാൾപ്പോരാട്ടം നടത്തുന്ന മലയാളി ഷിജു അലക്സാണ്‌ മണ്ണാർക്കാട്‌ കെ.ജെ.ടി.എം സഹൃദയ  ഗ്രന്ഥശാലയിൽ നിന്ന്‌ ഈ രചനകൾ കണ്ടെത്തി, പുനഃപ്രകാശനത്തിനു മുൻകൈയെടുക്കുന്നത്‌. ഇതിനു മുന്നോടിയായി, ഇപ്പോൾ ലഭ്യമായ കേരളം മാസിക ഒന്നാം വാല്യം പന്ത്രണ്ടാം ലക്കത്തിന്റെ ഡിജിറ്റൽ പതിപ്പ്‌ ആർക്കൈവ്‌. ഓർഗ്‌ വഴി കഴിഞ്ഞദിവസം പുറത്തിറങ്ങി.

കൊ.വ. 1106 ധനുവിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പന്ത്രണ്ടാം ലക്കത്തിനു പ്രത്യേകതകൾ ഏറെ. മുണ്ടശ്ശേരി, എം.പി. പോൾ, ജി. ശങ്കരക്കുറുപ്പ്‌, വടക്കുംകൂർ രാജരാജവർമ തുടങ്ങിയ പ്രഗത്ഭരുടെ സാഹിത്യരചനകൾ 82 താളുകളുള്ള ഈ പതിപ്പിലുണ്ട്‌; ഒപ്പം 1930ലെ കൊച്ചിരാജാവ്‌ രാമവർമയുടേതുൾപ്പെടെയുള്ള ചില ചിത്രങ്ങളും.  ആധുനികലോകത്തിനു അവശ്യം വിജ്ഞേയമായ പലേ നവീനവിഷയങ്ങൾ സാഹിത്യഗുണം തികഞ്ഞ ഭാഷയിൽ പ്രതിപാദിക്കുന്നതും ചിത്രോദാഹൃതവുമായ ഒരു മലയാളിമാസിക‘ എന്നാണ്‌ മാസികയുടെ അമരക്കാർ നൽകുന്ന വിശേഷണം! 

മുപ്പതുകളിൽ സിനിമയെപ്പറ്റി ഒരു പഠനം അത്ര അപൂർവമായിരിക്കും. ഈ വിഷയത്തിൽ എം.പി പോൾ ഇവിടെ എഴുതിയ ലേഖനം അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലൊന്നും പിന്നീട്‌ ഉൾക്കൊള്ളിച്ചു കണ്ടിട്ടില്ല. അദ്ദേഹം വിശദീകരിക്കുന്നു - ’സിനീമ (കിനീമ) എന്ന ഗ്രീക്കുശബ്ദത്തിന്‌ ഇളകുന്ന ചിത്രം എന്നാണർഥം. ചലച്ചിത്രം എന്ന പദം മൂലത്തിന്റെ നേർതർജ്ജിമയാണ്‌. സ്ത്രീലിംഗപ്രസക്തി കൊണ്ടു മലയാളികൾ ചലനചിത്രപ്രദർശിനി എന്നും വ്യവഹരിക്കാറുണ്ട്‌....‘

മണ്ണാർക്കാട്ട്‌ കെ.ജെ.ടി.എം സഹൃദയ ഗ്രന്ഥശാലയിൽ സൂക്ഷിച്ചിരിക്കുന്ന, തിരു- കൊച്ചി നിയമസഭാ മുൻ എം.എൽ.എ കെ.ജെ. തോമസിന്റെ ബൃഹത്തായ പുസ്തകസഞ്ചയത്തിന്റെ ഡിജിറ്റലൈസേഷനും ഇതോടൊപ്പം തുടക്കം കുറിക്കുകയുണ്ടായി. ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ ഗ്രന്ഥശാലാഭാരവാഹികളും പട്ടാമ്പി സംസ്കൃത കോളജ്‌ അധ്യാപകൻ എം. ആർ അനിൽകുമാർ, അലനല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ സന്തോഷ്‌, കെ.പി.എസ്‌ പയ്യനെടം, റിട്ട. പ്രഫസർ സാബു ഐപ്പ്‌, കെ.ജെ. തോമസിന്റെ ചെറുമകൻ കെ.ജെ. തോമസ്‌ ജൂനിയർ, കാസിം അലായൻ എന്നിവരും പങ്കെടുത്തു. 

ഗ്രന്ഥശാലാഭാരവാഹികളുടേയും സാഹിത്യസ്നേഹികളുടേയും സഹകരണത്തോടെയാണ്‌  ഈ ഉദ്യമം തുടർന്നു നടത്തുക. ഈ പ്രവർത്തനനങ്ങൾ പരിസമാപ്തിയിലെത്തുന്നതോടെ ഭാഷാസാഹിത്യത്തിനു മുതൽക്കൂട്ടായ നിരവധി രചനകൾ പുനരവതരിപ്പിക്കപ്പെടുമെന്നാണു കരുതുന്നത്‌. 

ശ്രീ. ഷിജു അലക്സ്‌ ആദ്യമായല്ല, ഇത്തരം കൃത്യങ്ങൾ ഏറ്റെടുക്കുന്നത്‌. ഗുണ്ടർട്ടിന്റെ ലഭ്യമല്ലാതിരുന്ന നിരവധി കൃതികൾ, കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ സമ്പൂർണമായ രചനകൾ, പ്രാചീനവൈദ്യഗ്രന്ഥങ്ങൾ, പത്തൊൻപതും ഇരുപതും നൂറ്റാണ്ടുകളിലെ മൺമറഞ്ഞ മാസികകൾ തുടങ്ങിയവയുടെ ഡിജിറ്റൽ പതിപ്പുകൾ ഇന്റർനെറ്റിൽ ലഭിക്കാനുള്ള സാഹചര്യം ഒരുക്കിയതിൽ പ്രധാനി ഇദ്ദേഹമാണ്‌. പണത്തിനും വൈദഗ്ധ്യത്തിനും മനുഷ്യപ്രയത്നത്തിനും മുട്ടില്ലാത്ത വകുപ്പുകൾ പലതും ചെറുവിരൽ പോലും അനക്കാൻ തയാറാകാത്ത സാഹചര്യങ്ങളിലാണ്‌ ഷിജുവിനേപ്പോലെയുള്ളവരുടെ ഒറ്റയാൾപ്പോരാട്ടം വിലമതിക്കപ്പെടുന്നത്‌.

20. 10. 2019