Monday, December 16, 2019

തിരുവനന്തപുരം: പഴമയുടെ തിരുമുഖം

                                                                                                                 
                                                                                                                 


                                           പ്രിൻസ്‌ അലക്സ്‌ 
തിരുവനന്തപുരം നഗരത്തിനു പ്രത്യേകമായ ഒരു നിറപ്പകർച്ചയും ജീവിതതാളവുമുണ്ടെന്നു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഇതിലെ ഒരോട്ടപ്രദക്ഷിണം നടത്തിയാൽ നഗരത്തിന്റെ മുക്കിലും മൂലയിലും മറഞ്ഞിരിക്കുന്ന പഴമയുടെ ഗന്ധം  തിരിച്ചറി യാനാകുകയും ചെയ്യും. അതിനു വല്ലാത്ത ഒരാക ർഷണീയതയുണ്ട്‌. ഇവിടെ വന്നുകൂടുന്നവരാരും തിരികെ മടങ്ങാനാഗ്രഹിക്കാറില്ല; ഏറെക്ക ഴിയാതെ അവരും ഈ നഗരത്തിന്റെ ഭാഗമായിത്തീരുകയാണു പതിവ്‌.



കോവിൽപ്പട്ടണം
ക്ഷേത്രങ്ങളുടെ നഗരമാണു തിരുവനന്തപുരം. പ്രദക്ഷിണം തുടങ്ങേണ്ടതു പത്മതീർഥക്കരയിൽനിന്നു തന്നെ. ഏഴര വെളുപ്പിനെത്തി ശ്രീപത്മനാഭനെ കണ്ടു തൊഴുകയെന്നതു തിരുവനന്തപുരത്തുകാരന്റെ നൊസ്റ്റാൾജിയയാണ്‌. അതിനും താഴേവഴിയിൽ ആൽത്തറഗണപതിയേയും പഴവങ്ങാടി ഗണേശനെയും നമസ്കരിക്കാതെ കഴിയുമോ? ശ്രീകണ്ഠേശ്വരം മഹാദേവനെയും കണ്ടു കോട്ടയ്ക്കു പുറത്തിറങ്ങിയാൽ രണ്ടു കിലോമീറ്ററകലെ ആറ്റുകാൽ ഭഗവതി ആശ്രിതവത്സലയായി സ്നേഹം ചൊരിഞ്ഞു നിൽക്കുന്നു. 

ഇങ്ങിനെ പറഞ്ഞുതുടങ്ങിയാൽ തിരുവനന്തപുരത്തെ ക്ഷേത്രപുരാണം തീരില്ല; ഇരുനൂറടുപ്പിച്ചു കോവിലുകൾ ഇവിടെയുണ്ടെന്നാണു കണക്ക്‌!  ഈ നാടിന്റെ ദേശചരിത്രം ഈ ദേവസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നതാണു യാഥാർഥ്യം.

ചരിത്രവഴികളിലെ പ്രദക്ഷിണങ്ങൾ
രാജവീഥിയിൽ, വെള്ളയമ്പലം മുതൽ കിഴക്കേക്കോട്ട വരെ ഒന്നു നടന്നു നോക്കു. അപ്പോൾ കാണാം നൂറ്റാണ്ടുകൾ തന്നെ പഴക്കമുള്ള ശേഷിപ്പുകൾ. കനകക്കുന്നു കൊട്ടാരവും മ്യൂസിയവും കടന്നു കല്ലിൽ പണിഞ്ഞ ഒരു ക്രൈസ്തവദേവാലയത്തിന്റെ മുമ്പിൽ നമ്മളെത്തുന്നു. 1838ൽ സാമുവൽ മറ്റീർ എന്ന വിദേശമിഷനറി സ്ഥാപിച്ചതാണിത്‌. തൊട്ടിപ്പുറം ഒരു കാലത്തു താരമായിരുന്ന രാമറാവു വിളക്ക്‌ ആരാലും ശ്രദ്ധിക്കപ്പെടാതെ മിഴിപൂട്ടി നിൽക്കുകയാണ്‌.

പാളയത്തേക്കു കടന്നാൽ ചരിത്രനായകന്മാർ പലരുടേയും ആസ്ഥാനമായിരുന്ന യൂണിവേഴ്സിറ്റി ഹോസ്റ്റൽ, നഗരത്തിന്റെ വിജ്ഞാനഭണ്ഡാരമായ പബ്ളിക്‌ ലൈബ്രറി, കലാകേന്ദ്രമായ ഫൈൻ ആർട്സ്‌ കോളജ്‌, ഇപ്പുറം പാളയം കത്തീഡ്രൽ, എതിർവശത്തായി പാളയത്തെ മോസ്ക്‌, അതിനടുത്തായി വിഘ്നേശ്വരക്ഷേത്രം - അങ്ങിനെ പോകുന്നു വഴിക്കാഴ്ചകൾ. 

വി. ജെ.റ്റി ഹാളിനടുത്തെത്തുമ്പോൾ ഒരു നിമിഷം കണ്ണടച്ചു നിൽക്കുക - നാടിന്റെ സാംസ്കാരികനവോത്ഥാനചരിത്രം ഇമ്പത്തിൽ മുഴങ്ങുന്നതു കേൾക്കാനാകും. ഇപ്പോൾ മഹാത്മാ അയ്യങ്കാളിയുടെ നാമത്തിലാണ്‌ ഇവിടം അറിയപ്പെടുന്നത്‌. കൂട്ടത്തിൽ സംസ്കൃത കോളജിനേയും യൂണിവേഴ്സിറ്റി കോളജിനേയും കാണാതെ പോകാനാകുമോ?  മഹാരഥന്മാർ പഠിച്ചും പഠിപ്പിച്ചും കളമൊഴിഞ്ഞ മണ്ണാണിത്‌. 

നാടിന്റെ ഭരണയന്ത്രം തിരിക്കുന്ന സെക്രട്ടറിയറ്റ്‌ സ്റ്റാച്ച്യൂ ജംഗ്ഷനിലാണ്‌. പിന്നെയും യാത്ര തുടർന്നാൽ ആയുർവേദ കോളജ്‌, എസ്‌.എം.വി സ്കൂൾ വഴി നമ്മൾ കിഴക്കെക്കോട്ടയെത്തുന്നു; അൽപം കൂടി മുന്നോട്ടു നീങ്ങിയാൽ വെട്ടിമുറിച്ച കോട്ടയ്ക്കു മുമ്പിലും. പത്മനാഭന്റെ മണ്ണിലെ ഈ യാത്ര തീരുകയേയില്ല; നിവർന്നും വളഞ്ഞും വഴികൾ ഇവിടെ മുന്നോട്ടു കിടക്കുകയാണ്‌.


പ്രതിമകളുടെ നഗരം
തിരുവനന്തപുരത്തു വഴിയരികിൽ അൽപ്പം ഒഴിഞ്ഞയിടമുണ്ടെങ്കിൽ അവിടെയൊരു പ്രതിമയും കാണുമെന്നു തമാശയായി പറയാറുണ്ട്‌. കുറയൊക്കെ വാസ്തവമില്ലാതെയുമില്ല ഇതിൽ. നാൽപ്പതിൽപ്പരമാണ്‌ നഗരത്തിൽ പ്രതിമകളുടെ എണ്ണം. അവരിൽ പ്രമുഖർ ഇവർ - ബി. ആർ അംബേദ്കർ, ടി.മാധവരായർ, കേരളപാണിനി എ. ആർ. രാജരാജവർമ, പട്ടം താണുപിള്ള, മഹാകവി കുമാരൻ ആശാൻ, ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ, നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌, മഹാകവി ഉള്ളൂർ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, ശ്രീ അയ്യങ്കാളി, വയലാർ, വേലുത്തമ്പി ദളവാ, ഇ.എം.സ്‌, അക്കാമ്മ ചെറിയാൻ. 

ഇക്കൂട്ടത്തിൽ അവസാനം കടന്നുവന്നതാണ്‌ കെ.കരുണാകരന്റെ രൂപം. കനകക്കുന്നു കൊട്ടാരത്തിനടുത്താണു സ്ഥാനം. 

മാറുന്ന കാലം
കുതിച്ചും കിതച്ചും മുന്നോട്ടോടി, ഒരു നിമിഷം തിരിഞ്ഞു നോക്കുമ്പോഴാണ്‌ വന്ന വഴികളിൽ എന്തൊക്കെയോ മാറിപ്പോയിയെന്ന ബോധ്യമുണ്ടാകുന്നത്‌. 

കെ.എസ്‌.ആർ.ടി.സി മാത്രമടക്കി വാണിരുന്ന രാജവീഥിയിൽ സ്വകാര്യബസുകൾ വന്നിട്ട്‌ ഇരുപത്തഞ്ചു വർഷത്തിനടുത്തേയായുള്ളൂ. ആഴ്ചകൾ നീണ്ട ഒരു ട്രാൻസ്പോർട്ടു ബസ്‌ സമരത്തിന്റെ ബാക്കിപത്രമായിരുന്നു അത്‌. അന്നൊക്കെ രണ്ടു കണ്ടക്ടർമാരുള്ള ട്രെയിലർ ബസു കാണാമായിരുന്നു നിരത്തിലൊക്കെ; ഒപ്പം ഡബിൾഡക്കറുകളും. വാഹനങ്ങൾ ഇന്നത്തേതിന്റെ നാലിലൊന്നു മാത്രം. വഴികൾ കാര്യമായി വികസിച്ചതുമില്ല. 

തിരുവനന്തപുരത്തെ യുവതലമുറ ചർച്ചിച്ചു ചർച്ചിച്ചു വളർന്ന ഒരിടമുണ്ട്‌;  അവശിഷ്ടം പോലുമിന്നില്ലാത്ത സ്പെൻസറിലെ കോഫി ഹൗസ്‌. പഴയ തലമുറയ്ക്ക്‌ അതുമൊരു നൊസ്റ്റാൾജിയ തന്നെ. 

അതെ; തിരുവനന്തപുരം മാറുകയാണ്‌, വളരെ വേഗം.  പുതിയ പാർപ്പിടങ്ങൾ, പുതിയ വ്യക്തികൾ, പുതിയ ചിന്തകൾ - റിപ്‌ വാൻ വിങ്കിളിനേപ്പോലെ കുറേക്കാലം ഒന്നുറങ്ങി എണീറ്റു നോക്കിയാൽ ഇതെവിടെയാണെന്നു പോലും നിങ്ങൾ അതിശയിച്ചുപോകും;  അത്ര തിടുക്കത്തിലാണു ഈ നഗരത്തിൽ കാലം കടന്നുപോകുന്നത്‌.

16.12.2019

No comments:

Post a Comment