Thursday, December 19, 2019

ശങ്കരചരിതത്തിനൊരു ദൃശ്യാവിഷ്കാരം: ആദി ശങ്കരാചാര്യ


                                                                പ്രിൻസ്‌ അലക്സ്‌ ദേവഭാഷയിൽ ചിന്തിക്കുകയും സംസാരിക്കുകയും കൃതികൾ ചമയ്ക്കുകയും ചെയ്ത ഒരു പരിവ്രാജകന്റെ ജീവിതകഥ അഭ്രപാളികളിൽ പകർത്തുമ്പോൾ അതിനു ഭാഷയെന്താകണം?

തീർച്ചയായും, സംസ്കൃതം തന്നെ. ജി. വി. അയ്യർ എന്ന അഭിനയകലയുടെ ഭീഷ്മാചാര്യൻ ചിന്തിച്ചതും ഇതേ പ്രകാരത്തിലാണ്‌. അങ്ങിനെ 1983ൽ ചരിത്രത്തിൽ ആദ്യത്തെ സംസ്കൃതഭാഷാചലച്ചിത്രം  അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തു വന്നു - ആദി ശങ്കരാചാര്യ. 1983ലെ മികച്ച ചലച്ചിത്രം, മികച്ച തിരക്കഥ, മികച്ച ഛായാഗ്രഹണം, മികച്ച ശബ്ദലേഖനം എന്നിങ്ങനെ നാലു ദേശീയപുരസ്കാരങ്ങളാണ്‌ ഈ ലോ ബജറ്റ്‌ ചിത്രം വാരിക്കൂട്ടിയത്‌.

ശ്രീശങ്കരന്റെ ജീവിതം ആസ്പദമാക്കി മുമ്പും ചലച്ചിത്രങ്ങളുണ്ടായിട്ടില്ലെന്നല്ല; ഭക്തിയായിരുന്നു ഇതിലെല്ലാം അടിസ്ഥാന ഇതിവൃത്തം. ഇവിടെ, ജി.വി. അയ്യർ ശങ്കരനെ നോക്കിക്കാണാൻ ശ്രമിക്കുന്നതു മൂന്നു വീക്ഷണകോണുകളിൽ നിന്നാണ്‌. ശങ്കരനെന്ന ചരിത്ര/ ഐതിഹ്യപുരുഷൻ, ശങ്കരനെന്ന ദാർശനികൻ, ശങ്കരനെന്ന കറ തീർന്ന ഈശ്വരഭക്തൻ എന്നിങ്ങനെ. ഈ ചിത്രം വ്യത്യസ്തമാകുന്നതും കൂടുതൽ ആസ്വാദ്യമാകുന്നതും ഇക്കാരണം കൊണ്ടു തന്നെ!

ശങ്കരന്റെ ബാല്യകാലം പറഞ്ഞു കൊണ്ടാണ്‌ ചിത്രം ആരംഭിക്കുന്നത്‌. കേരളത്തിലെ കാലടിദേശത്തു ജനിച്ച്‌, പിതാവിന്റെ മരണത്തോടെ ജീവിതമൃത്യുക്കളുടെ യാഥാർഥ്യം അനുഭവിച്ചറിഞ്ഞ്, വൈരാഗിയായി മാറുന്ന ശങ്കരന്റെ കുട്ടിക്കാലം വളരെ ലളിതമായാണു പറഞ്ഞുപോകുന്നത്‌. മൃത്യുരഹസ്യങ്ങൾ യമനിൽ നിന്നഭ്യസിക്കാനിറങ്ങിപ്പുറപ്പെടുന്ന നചികേതസിന്റെ കഥ പറയുന്ന ചൊല്ലിയാട്ടവും ഇവിടെ ഭംഗിയായി കൂട്ടിയിണക്കിയിരിക്കുന്നു. സതീർഥ്യസമം ശങ്കരൻ ഇവിടം മുതൽ മൃത്യുവിനെ സ്നേഹപൂർവം ചേർത്തു പിടിയ്ക്കുകയാണ്‌. 

ഗുരുവിനെ അന്വേഷിച്ചു വടക്കൻദേശത്തേക്കുള്ള യാത്രയും പഠനകാലവുമാണ്‌ തുടർന്നുള്ള ഭാഗത്തു കാണാൻ സാധിക്കുക.  ഇവിടെ പശ്ചാത്തലം പൂർണമായി മാറിക്കഴിഞ്ഞു - ജ്ഞാനാന്വേഷകനായ സന്യാസിയുടെ രൂപഭാവങ്ങളിലേക്കു ബാലകഭാവത്തിൽനിന്നും ശങ്കരൻ രൂപാന്തരപ്പെടുന്നു.  

അഭ്യസനാനന്തരം അദ്വൈതവേദാന്തദർശനത്തിന്റെ പ്രചാരകനായി മാറുന്ന ശങ്കരനെന്ന പരിപുർണസന്യാസിയുടെ വേഷപ്പകർച്ച ചിത്രത്തിന്റെ മൂന്നാം ഭാഗത്തിൽ ദൃശ്യമാകുന്നു. ഈശ്വരന്റെ സർവഭാവിത്വം ശങ്കരനു ബോധ്യമാകുന്നത്  ഈ ഘട്ടത്തിലാണ്‌. കേവലമായ ശബ്ദഘോഷങ്ങളല്ല, കലർപ്പില്ലാത്ത ഭക്തിയാണ്‌ ഈശ്വരസാക്ഷാത്കാരത്തിന്റെ ചവിട്ടുപടിയെന്നു സാമാന്യജനങ്ങളെ ഉദ്ബോധിപ്പിക്കുമ്പോൾത്തന്നെ ജ്ഞാനാന്വേഷണമാണ്‌ ഒരു ദാർശനികന്റെ മാർഗമെന്നു ശിഷ്യന്മാരെ പഠിപ്പിക്കുന്ന ശങ്കരനെന്ന ആചാര്യൻ സ്വജീവിതകർമങ്ങൾ പുർത്തിയാക്കി മോക്ഷപാതയിലേക്കു കടക്കുകയാണ്‌ അവസാന ഷോട്ടിൽ. 

ചലച്ചിത്രത്തിന്റെ വിജയം കഥയുടെ ഈ അവതരണരീതി മാത്രമാണെന്നു കരുതുക വയ്യ. ചിത്രത്തിന്റെ മുഖ്യഭാഗങ്ങളിൽ പശ്ചാത്തലമായും അല്ലാതെയും ചേർത്തിരിക്കുന്ന സംസ്കൃതശ്ളോകങ്ങൾ എത്രമാത്രം സന്ദർഭങ്ങളോടിഴുകിച്ചേർന്നിർക്കുന്നുവെന്നു ചിത്രം കണ്ടാലേ അറിയൂ. അതേപോലെയാണ്‌ മധു അമ്പാട്ടിന്റെ ഛായാഗ്രഹണവും. കടുപ്പമില്ലാത്ത നിറക്കൂട്ടിൽ ഒരു വൈദികകാലം മൊത്തമായി ഒപ്പിയെടുത്തിട്ടുണ്ട്‌ അദ്ദേഹത്തിന്റെ ക്യാമറ. 

മ്യൂസിക്‌ ഡയറക്റ്ററായി ഡോ. എം. ബാലമുരളീകൃഷ്ണ, കലാസംവിധായകനായി പി. കൃഷ്ണമൂർത്തി തുടങ്ങി പ്രമുഖരുടെ ഒരു നിര തന്നെ ചിത്രത്തിന്റെ പിന്നിലുണ്ട്‌. സർവദമൻ ഡി. ബാനർജിയാണ്‌ ആദിശങ്കരനെ ചിത്രത്തിൽ അനശ്വരമാക്കിയിരിക്കുന്നത്‌.  

ഏറ്റവും ചുരുക്കത്തിൽ, ഗൗരവതരമായ ഒരു ചലച്ചിത്രക്കാഴ്ചയ്ക്ക്‌ ഈ ചിത്രം അവസരമുണ്ടാക്കും. തീർച്ച!

19.12.2014

No comments:

Post a Comment