Wednesday, December 25, 2019

നൊമ്പരങ്ങളുടെ ശമിക്കാത്ത താളം; ശമനതാളം


                                                                                                                                     പ്രിൻസ്‌ അലക്സ്‌
ഒരു പുസ്തകം ഒന്നിലധികം തവണ വായിക്കാൻ നിങ്ങൾക്കു തോന്നുന്നുവെങ്കിൽ അതൊരു മികച്ച കൃതിയായിരിക്കുമെന്നു പറഞ്ഞതാരാണെന്നോർമയില്ല. അങ്ങിനെ വിശ്വസിച്ചാൽ, കെ. രാധാകൃഷ്ണന്റെ ശമനതാളം മികച്ച ഒരു രചനയാണ്‌.

കോഴിക്കോടു മെഡിക്കൽ കൊളജിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരുടെ ജീവിതതാളത്തിന്റെ കഥ പറയുകയാണ്‌ ഈ കൃതി. അതിൽ നേരായ മിടിപ്പുകളുണ്ട്‌, താളം തെറ്റലുകളുണ്ട്‌, ചിലപ്പോൾ ഋജുവായും മറ്റൊരിക്കൽ തെറ്റിയും മിടിക്കുന്ന ഹൃദയങ്ങളുണ്ട്‌.  രോഗങ്ങൾക്കു മുമ്പിൽ പിടിച്ചു നിൽക്കാൻ രോഗിയെ ഉപദേശിക്കുന്ന ചികിത്സകൻ ഇത്ര വ്യഥകളുടെ മാറാപ്പുമായാണോ നടക്കുന്നതെന്ന്‌ വായനയ്ക്കിടയിൽ, പലപ്പോഴും നമ്മൾ ചോദിച്ചുപോകും.

ബാലു എന്ന ഡോ. ബാലകൃഷ്ണനെ ചുറ്റിപ്പറ്റിയാണ്‌ ഈ കഥ മുന്നോട്ടു പോകുന്നത്‌. ആത്മസംഘർഷങ്ങൾ, ജോലിസ്ഥലത്തെ പ്രശ്നങ്ങൾ, കുടുംബത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങൾ - ഇങ്ങിനെ കൂട്ടിയാൽ കൂടാത്ത കെട്ടുപാടുകൾ വരിഞ്ഞുമുറുക്കുമ്പോഴും എല്ലാം ഇട്ടെറിഞ്ഞു പോകാൻ അദ്ദേഹത്തിനു സാധിക്കുന്നില്ല. 

ജീവിതത്തിൽ എപ്പോഴും കൂടെ നിന്ന പത്നി രോഗക്കിടക്കയിലാകുമ്പോഴും മകളുടെ ചിന്തകൾ വഴിമാറി സഞ്ചരിക്കുമ്പോഴും നിസ്സഹായതയോടെ നിൽക്കാനേ ബാലുവിനു കഴിയുന്നുള്ളൂ. പഠനകാലത്തു സംഭവിച്ച ചില പിഴവുകൾ പ്രതീക്ഷിക്കാത്ത നേരത്ത്‌ ഈ ദുരിതങ്ങളുടെ കനം കൂട്ടുകയും ചെയ്യുന്നതോടെ ആ താളം തെറ്റിത്തുടങ്ങുകയാണ്‌.

മറ്റൊരു ദുരന്തകഥാപാത്രം രതി എന്ന പെൺകുട്ടിയാണ്‌. ഇഷ്ടപ്പെട്ട്‌ ഒരു വിവാഹം നടന്നുവെങ്കിലും മനസ്സു കൊണ്ടും പ്രവൃത്തി കൊണ്ടും ഒരു കുടുംബിനിയാകാൻ അവൾക്കു സാധിക്കുന്നില്ല. എന്നാൽ ഭർത്താവിനെ രതി അമിതമായി സ്നേഹിക്കുകയും ചെയ്യുന്നു. 

പിന്നെയും പിന്നെയും ഇതേപോലെ ദുഃഖകഥാപാത്രങ്ങൾ വന്നു പോകുകയാണ്‌ ഇതിലുടനീളം. വായിച്ചു തീർന്നാലും ഒരു ദുരന്തകാവ്യം പോലെ ഈ ജീവിതങ്ങൾ നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. 

എന്നിട്ടും നമ്മൾ ഈ പുസ്തകം ഇഷ്ടപ്പെടുക തന്നെ ചെയ്യും. കഥകളും ഉപകഥകളുമെല്ലാം ജീവിതത്തിൽനിന്നന്യമായി നമുക്കു തോന്നില്ലയെന്നതാണിതിനു മുഖ്യകാരണം. ബാലുവും വേണിയും രതിയുമൊക്കെ എപ്പോഴും സമൂഹത്തിൽ കാണേണ്ടി വരുന്നവരാണല്ലോ! മാറുന്നതു ചില പേരുകൾ മാത്രം. 

നിരവധി പുരസ്കാരങ്ങൾ ലഭിച്ച ശമനതാളം പ്രസിദ്ധീകരിച്ചതു മാതൃഭൂമിയാണ്‌. നഹൂഷപുരാണം എന്ന നോവലും കെ. രാധാകൃഷ്ണന്റെ വകയാണ്‌. 2001ൽ അദ്ദേഹം അന്തരിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷേ, കുറെ കനപ്പെട്ട സംഭാവനകൾ കൂടി മലയാളസാഹിത്യത്തിനു ലഭിച്ചേനേ. 

ഈ കഥയെ ആസ്പദമാക്കി ശ്യാമപ്രസാദ്‌ സംവിധാനം ചെയ്തവതരിപ്പിച്ച ടി.വി. സീരിയൽ വളരെ ജനപ്രീതി നേടി. ഡോ. ബാലകൃഷ്ണനായി ഇതിൽ അഭിനയിച്ചത്‌ ശ്രീ ബാലചന്ദ്രമേനോനാണ്‌.

എത്രയൊക്കെ പോയാലും ജീവിതമെന്നത്‌ തെറ്റിയും തെറിച്ചും ശമിച്ചുപോകുന്ന ഒരു താളം മാത്രമെന്നു നമ്മെ ചിന്തിപ്പിക്കുന്നു ഈ പുസ്തകം.
24.12.2014


Thursday, December 19, 2019

ശങ്കരചരിതത്തിനൊരു ദൃശ്യാവിഷ്കാരം: ആദി ശങ്കരാചാര്യ


                                                                പ്രിൻസ്‌ അലക്സ്‌ ദേവഭാഷയിൽ ചിന്തിക്കുകയും സംസാരിക്കുകയും കൃതികൾ ചമയ്ക്കുകയും ചെയ്ത ഒരു പരിവ്രാജകന്റെ ജീവിതകഥ അഭ്രപാളികളിൽ പകർത്തുമ്പോൾ അതിനു ഭാഷയെന്താകണം?

തീർച്ചയായും, സംസ്കൃതം തന്നെ. ജി. വി. അയ്യർ എന്ന അഭിനയകലയുടെ ഭീഷ്മാചാര്യൻ ചിന്തിച്ചതും ഇതേ പ്രകാരത്തിലാണ്‌. അങ്ങിനെ 1983ൽ ചരിത്രത്തിൽ ആദ്യത്തെ സംസ്കൃതഭാഷാചലച്ചിത്രം  അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തു വന്നു - ആദി ശങ്കരാചാര്യ. 1983ലെ മികച്ച ചലച്ചിത്രം, മികച്ച തിരക്കഥ, മികച്ച ഛായാഗ്രഹണം, മികച്ച ശബ്ദലേഖനം എന്നിങ്ങനെ നാലു ദേശീയപുരസ്കാരങ്ങളാണ്‌ ഈ ലോ ബജറ്റ്‌ ചിത്രം വാരിക്കൂട്ടിയത്‌.

ശ്രീശങ്കരന്റെ ജീവിതം ആസ്പദമാക്കി മുമ്പും ചലച്ചിത്രങ്ങളുണ്ടായിട്ടില്ലെന്നല്ല; ഭക്തിയായിരുന്നു ഇതിലെല്ലാം അടിസ്ഥാന ഇതിവൃത്തം. ഇവിടെ, ജി.വി. അയ്യർ ശങ്കരനെ നോക്കിക്കാണാൻ ശ്രമിക്കുന്നതു മൂന്നു വീക്ഷണകോണുകളിൽ നിന്നാണ്‌. ശങ്കരനെന്ന ചരിത്ര/ ഐതിഹ്യപുരുഷൻ, ശങ്കരനെന്ന ദാർശനികൻ, ശങ്കരനെന്ന കറ തീർന്ന ഈശ്വരഭക്തൻ എന്നിങ്ങനെ. ഈ ചിത്രം വ്യത്യസ്തമാകുന്നതും കൂടുതൽ ആസ്വാദ്യമാകുന്നതും ഇക്കാരണം കൊണ്ടു തന്നെ!

ശങ്കരന്റെ ബാല്യകാലം പറഞ്ഞു കൊണ്ടാണ്‌ ചിത്രം ആരംഭിക്കുന്നത്‌. കേരളത്തിലെ കാലടിദേശത്തു ജനിച്ച്‌, പിതാവിന്റെ മരണത്തോടെ ജീവിതമൃത്യുക്കളുടെ യാഥാർഥ്യം അനുഭവിച്ചറിഞ്ഞ്, വൈരാഗിയായി മാറുന്ന ശങ്കരന്റെ കുട്ടിക്കാലം വളരെ ലളിതമായാണു പറഞ്ഞുപോകുന്നത്‌. മൃത്യുരഹസ്യങ്ങൾ യമനിൽ നിന്നഭ്യസിക്കാനിറങ്ങിപ്പുറപ്പെടുന്ന നചികേതസിന്റെ കഥ പറയുന്ന ചൊല്ലിയാട്ടവും ഇവിടെ ഭംഗിയായി കൂട്ടിയിണക്കിയിരിക്കുന്നു. സതീർഥ്യസമം ശങ്കരൻ ഇവിടം മുതൽ മൃത്യുവിനെ സ്നേഹപൂർവം ചേർത്തു പിടിയ്ക്കുകയാണ്‌. 

ഗുരുവിനെ അന്വേഷിച്ചു വടക്കൻദേശത്തേക്കുള്ള യാത്രയും പഠനകാലവുമാണ്‌ തുടർന്നുള്ള ഭാഗത്തു കാണാൻ സാധിക്കുക.  ഇവിടെ പശ്ചാത്തലം പൂർണമായി മാറിക്കഴിഞ്ഞു - ജ്ഞാനാന്വേഷകനായ സന്യാസിയുടെ രൂപഭാവങ്ങളിലേക്കു ബാലകഭാവത്തിൽനിന്നും ശങ്കരൻ രൂപാന്തരപ്പെടുന്നു.  

അഭ്യസനാനന്തരം അദ്വൈതവേദാന്തദർശനത്തിന്റെ പ്രചാരകനായി മാറുന്ന ശങ്കരനെന്ന പരിപുർണസന്യാസിയുടെ വേഷപ്പകർച്ച ചിത്രത്തിന്റെ മൂന്നാം ഭാഗത്തിൽ ദൃശ്യമാകുന്നു. ഈശ്വരന്റെ സർവഭാവിത്വം ശങ്കരനു ബോധ്യമാകുന്നത്  ഈ ഘട്ടത്തിലാണ്‌. കേവലമായ ശബ്ദഘോഷങ്ങളല്ല, കലർപ്പില്ലാത്ത ഭക്തിയാണ്‌ ഈശ്വരസാക്ഷാത്കാരത്തിന്റെ ചവിട്ടുപടിയെന്നു സാമാന്യജനങ്ങളെ ഉദ്ബോധിപ്പിക്കുമ്പോൾത്തന്നെ ജ്ഞാനാന്വേഷണമാണ്‌ ഒരു ദാർശനികന്റെ മാർഗമെന്നു ശിഷ്യന്മാരെ പഠിപ്പിക്കുന്ന ശങ്കരനെന്ന ആചാര്യൻ സ്വജീവിതകർമങ്ങൾ പുർത്തിയാക്കി മോക്ഷപാതയിലേക്കു കടക്കുകയാണ്‌ അവസാന ഷോട്ടിൽ. 

ചലച്ചിത്രത്തിന്റെ വിജയം കഥയുടെ ഈ അവതരണരീതി മാത്രമാണെന്നു കരുതുക വയ്യ. ചിത്രത്തിന്റെ മുഖ്യഭാഗങ്ങളിൽ പശ്ചാത്തലമായും അല്ലാതെയും ചേർത്തിരിക്കുന്ന സംസ്കൃതശ്ളോകങ്ങൾ എത്രമാത്രം സന്ദർഭങ്ങളോടിഴുകിച്ചേർന്നിർക്കുന്നുവെന്നു ചിത്രം കണ്ടാലേ അറിയൂ. അതേപോലെയാണ്‌ മധു അമ്പാട്ടിന്റെ ഛായാഗ്രഹണവും. കടുപ്പമില്ലാത്ത നിറക്കൂട്ടിൽ ഒരു വൈദികകാലം മൊത്തമായി ഒപ്പിയെടുത്തിട്ടുണ്ട്‌ അദ്ദേഹത്തിന്റെ ക്യാമറ. 

മ്യൂസിക്‌ ഡയറക്റ്ററായി ഡോ. എം. ബാലമുരളീകൃഷ്ണ, കലാസംവിധായകനായി പി. കൃഷ്ണമൂർത്തി തുടങ്ങി പ്രമുഖരുടെ ഒരു നിര തന്നെ ചിത്രത്തിന്റെ പിന്നിലുണ്ട്‌. സർവദമൻ ഡി. ബാനർജിയാണ്‌ ആദിശങ്കരനെ ചിത്രത്തിൽ അനശ്വരമാക്കിയിരിക്കുന്നത്‌.  

ഏറ്റവും ചുരുക്കത്തിൽ, ഗൗരവതരമായ ഒരു ചലച്ചിത്രക്കാഴ്ചയ്ക്ക്‌ ഈ ചിത്രം അവസരമുണ്ടാക്കും. തീർച്ച!

19.12.2014

Monday, December 16, 2019

തിരുവനന്തപുരം: പഴമയുടെ തിരുമുഖം

                                                                                                                 
                                                                                                                 


                                           പ്രിൻസ്‌ അലക്സ്‌ 
തിരുവനന്തപുരം നഗരത്തിനു പ്രത്യേകമായ ഒരു നിറപ്പകർച്ചയും ജീവിതതാളവുമുണ്ടെന്നു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഇതിലെ ഒരോട്ടപ്രദക്ഷിണം നടത്തിയാൽ നഗരത്തിന്റെ മുക്കിലും മൂലയിലും മറഞ്ഞിരിക്കുന്ന പഴമയുടെ ഗന്ധം  തിരിച്ചറി യാനാകുകയും ചെയ്യും. അതിനു വല്ലാത്ത ഒരാക ർഷണീയതയുണ്ട്‌. ഇവിടെ വന്നുകൂടുന്നവരാരും തിരികെ മടങ്ങാനാഗ്രഹിക്കാറില്ല; ഏറെക്ക ഴിയാതെ അവരും ഈ നഗരത്തിന്റെ ഭാഗമായിത്തീരുകയാണു പതിവ്‌.



കോവിൽപ്പട്ടണം
ക്ഷേത്രങ്ങളുടെ നഗരമാണു തിരുവനന്തപുരം. പ്രദക്ഷിണം തുടങ്ങേണ്ടതു പത്മതീർഥക്കരയിൽനിന്നു തന്നെ. ഏഴര വെളുപ്പിനെത്തി ശ്രീപത്മനാഭനെ കണ്ടു തൊഴുകയെന്നതു തിരുവനന്തപുരത്തുകാരന്റെ നൊസ്റ്റാൾജിയയാണ്‌. അതിനും താഴേവഴിയിൽ ആൽത്തറഗണപതിയേയും പഴവങ്ങാടി ഗണേശനെയും നമസ്കരിക്കാതെ കഴിയുമോ? ശ്രീകണ്ഠേശ്വരം മഹാദേവനെയും കണ്ടു കോട്ടയ്ക്കു പുറത്തിറങ്ങിയാൽ രണ്ടു കിലോമീറ്ററകലെ ആറ്റുകാൽ ഭഗവതി ആശ്രിതവത്സലയായി സ്നേഹം ചൊരിഞ്ഞു നിൽക്കുന്നു. 

ഇങ്ങിനെ പറഞ്ഞുതുടങ്ങിയാൽ തിരുവനന്തപുരത്തെ ക്ഷേത്രപുരാണം തീരില്ല; ഇരുനൂറടുപ്പിച്ചു കോവിലുകൾ ഇവിടെയുണ്ടെന്നാണു കണക്ക്‌!  ഈ നാടിന്റെ ദേശചരിത്രം ഈ ദേവസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നതാണു യാഥാർഥ്യം.

ചരിത്രവഴികളിലെ പ്രദക്ഷിണങ്ങൾ
രാജവീഥിയിൽ, വെള്ളയമ്പലം മുതൽ കിഴക്കേക്കോട്ട വരെ ഒന്നു നടന്നു നോക്കു. അപ്പോൾ കാണാം നൂറ്റാണ്ടുകൾ തന്നെ പഴക്കമുള്ള ശേഷിപ്പുകൾ. കനകക്കുന്നു കൊട്ടാരവും മ്യൂസിയവും കടന്നു കല്ലിൽ പണിഞ്ഞ ഒരു ക്രൈസ്തവദേവാലയത്തിന്റെ മുമ്പിൽ നമ്മളെത്തുന്നു. 1838ൽ സാമുവൽ മറ്റീർ എന്ന വിദേശമിഷനറി സ്ഥാപിച്ചതാണിത്‌. തൊട്ടിപ്പുറം ഒരു കാലത്തു താരമായിരുന്ന രാമറാവു വിളക്ക്‌ ആരാലും ശ്രദ്ധിക്കപ്പെടാതെ മിഴിപൂട്ടി നിൽക്കുകയാണ്‌.

പാളയത്തേക്കു കടന്നാൽ ചരിത്രനായകന്മാർ പലരുടേയും ആസ്ഥാനമായിരുന്ന യൂണിവേഴ്സിറ്റി ഹോസ്റ്റൽ, നഗരത്തിന്റെ വിജ്ഞാനഭണ്ഡാരമായ പബ്ളിക്‌ ലൈബ്രറി, കലാകേന്ദ്രമായ ഫൈൻ ആർട്സ്‌ കോളജ്‌, ഇപ്പുറം പാളയം കത്തീഡ്രൽ, എതിർവശത്തായി പാളയത്തെ മോസ്ക്‌, അതിനടുത്തായി വിഘ്നേശ്വരക്ഷേത്രം - അങ്ങിനെ പോകുന്നു വഴിക്കാഴ്ചകൾ. 

വി. ജെ.റ്റി ഹാളിനടുത്തെത്തുമ്പോൾ ഒരു നിമിഷം കണ്ണടച്ചു നിൽക്കുക - നാടിന്റെ സാംസ്കാരികനവോത്ഥാനചരിത്രം ഇമ്പത്തിൽ മുഴങ്ങുന്നതു കേൾക്കാനാകും. ഇപ്പോൾ മഹാത്മാ അയ്യങ്കാളിയുടെ നാമത്തിലാണ്‌ ഇവിടം അറിയപ്പെടുന്നത്‌. കൂട്ടത്തിൽ സംസ്കൃത കോളജിനേയും യൂണിവേഴ്സിറ്റി കോളജിനേയും കാണാതെ പോകാനാകുമോ?  മഹാരഥന്മാർ പഠിച്ചും പഠിപ്പിച്ചും കളമൊഴിഞ്ഞ മണ്ണാണിത്‌. 

നാടിന്റെ ഭരണയന്ത്രം തിരിക്കുന്ന സെക്രട്ടറിയറ്റ്‌ സ്റ്റാച്ച്യൂ ജംഗ്ഷനിലാണ്‌. പിന്നെയും യാത്ര തുടർന്നാൽ ആയുർവേദ കോളജ്‌, എസ്‌.എം.വി സ്കൂൾ വഴി നമ്മൾ കിഴക്കെക്കോട്ടയെത്തുന്നു; അൽപം കൂടി മുന്നോട്ടു നീങ്ങിയാൽ വെട്ടിമുറിച്ച കോട്ടയ്ക്കു മുമ്പിലും. പത്മനാഭന്റെ മണ്ണിലെ ഈ യാത്ര തീരുകയേയില്ല; നിവർന്നും വളഞ്ഞും വഴികൾ ഇവിടെ മുന്നോട്ടു കിടക്കുകയാണ്‌.


പ്രതിമകളുടെ നഗരം
തിരുവനന്തപുരത്തു വഴിയരികിൽ അൽപ്പം ഒഴിഞ്ഞയിടമുണ്ടെങ്കിൽ അവിടെയൊരു പ്രതിമയും കാണുമെന്നു തമാശയായി പറയാറുണ്ട്‌. കുറയൊക്കെ വാസ്തവമില്ലാതെയുമില്ല ഇതിൽ. നാൽപ്പതിൽപ്പരമാണ്‌ നഗരത്തിൽ പ്രതിമകളുടെ എണ്ണം. അവരിൽ പ്രമുഖർ ഇവർ - ബി. ആർ അംബേദ്കർ, ടി.മാധവരായർ, കേരളപാണിനി എ. ആർ. രാജരാജവർമ, പട്ടം താണുപിള്ള, മഹാകവി കുമാരൻ ആശാൻ, ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ, നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌, മഹാകവി ഉള്ളൂർ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, ശ്രീ അയ്യങ്കാളി, വയലാർ, വേലുത്തമ്പി ദളവാ, ഇ.എം.സ്‌, അക്കാമ്മ ചെറിയാൻ. 

ഇക്കൂട്ടത്തിൽ അവസാനം കടന്നുവന്നതാണ്‌ കെ.കരുണാകരന്റെ രൂപം. കനകക്കുന്നു കൊട്ടാരത്തിനടുത്താണു സ്ഥാനം. 

മാറുന്ന കാലം
കുതിച്ചും കിതച്ചും മുന്നോട്ടോടി, ഒരു നിമിഷം തിരിഞ്ഞു നോക്കുമ്പോഴാണ്‌ വന്ന വഴികളിൽ എന്തൊക്കെയോ മാറിപ്പോയിയെന്ന ബോധ്യമുണ്ടാകുന്നത്‌. 

കെ.എസ്‌.ആർ.ടി.സി മാത്രമടക്കി വാണിരുന്ന രാജവീഥിയിൽ സ്വകാര്യബസുകൾ വന്നിട്ട്‌ ഇരുപത്തഞ്ചു വർഷത്തിനടുത്തേയായുള്ളൂ. ആഴ്ചകൾ നീണ്ട ഒരു ട്രാൻസ്പോർട്ടു ബസ്‌ സമരത്തിന്റെ ബാക്കിപത്രമായിരുന്നു അത്‌. അന്നൊക്കെ രണ്ടു കണ്ടക്ടർമാരുള്ള ട്രെയിലർ ബസു കാണാമായിരുന്നു നിരത്തിലൊക്കെ; ഒപ്പം ഡബിൾഡക്കറുകളും. വാഹനങ്ങൾ ഇന്നത്തേതിന്റെ നാലിലൊന്നു മാത്രം. വഴികൾ കാര്യമായി വികസിച്ചതുമില്ല. 

തിരുവനന്തപുരത്തെ യുവതലമുറ ചർച്ചിച്ചു ചർച്ചിച്ചു വളർന്ന ഒരിടമുണ്ട്‌;  അവശിഷ്ടം പോലുമിന്നില്ലാത്ത സ്പെൻസറിലെ കോഫി ഹൗസ്‌. പഴയ തലമുറയ്ക്ക്‌ അതുമൊരു നൊസ്റ്റാൾജിയ തന്നെ. 

അതെ; തിരുവനന്തപുരം മാറുകയാണ്‌, വളരെ വേഗം.  പുതിയ പാർപ്പിടങ്ങൾ, പുതിയ വ്യക്തികൾ, പുതിയ ചിന്തകൾ - റിപ്‌ വാൻ വിങ്കിളിനേപ്പോലെ കുറേക്കാലം ഒന്നുറങ്ങി എണീറ്റു നോക്കിയാൽ ഇതെവിടെയാണെന്നു പോലും നിങ്ങൾ അതിശയിച്ചുപോകും;  അത്ര തിടുക്കത്തിലാണു ഈ നഗരത്തിൽ കാലം കടന്നുപോകുന്നത്‌.

16.12.2019