പ്രിൻസ് അലക്സ്:
മണ്ഡലകാലതീർഥാടനത്തിനായി ശബരിമല നട ഇന്നലെ തുറന്നു. വൃശ്ചികം ഒന്നായ ഇന്നു മുതൽ ഭക്തലക്ഷങ്ങൾ ശരണം വിളികളുമായി സന്നിധാനത്തേക്ക് എത്തിച്ചേരുമെന്നാണു കണക്കുകൂട്ടൽ. നിലയ്ക്കലും പമ്പയിലും ഇന്നലെത്തന്നെ ജനത്തിരക്കാരംഭിച്ചിട്ടുണ്ട്.
തിരുനാവായ അരീക്കൽ മനയിൽ സുധീർ നമ്പൂതിരിയാണ് സന്നിധാനത്തെ പുതിയ മേൽശാന്തി. ഇന്നലെ നടന്ന ലളിതമായ ചടങ്ങിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അദ്ദേഹത്തെ ശ്രീകോവിലിലേക്കാനയിച്ചു. ഇനിയത്തെ ചടങ്ങുകൾ ഇദ്ദേഹത്തിന്റെ കാർമികത്വത്തിലാണ് നടക്കുക.
കഴിഞ്ഞ കൊല്ലത്തേപ്പോലെ കലുഷിതമായ അന്തരീക്ഷം തീർഥാടനകാലത്തു ശബരിമലയിലുണ്ടാകില്ലെന്നാണു കരുതുന്നത്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ കോടതിവിധിയിലൂടെ പരിഹരിക്കാനായിട്ടില്ലെങ്കിലും തർക്കങ്ങൾ ഒഴിവാക്കാനാണ് പൊതുവെയുള്ള തീരുമാനം. സുപ്രീം കോടതിയുടെ അന്തിമവിധി വന്നതിനുശേഷം മാത്രമേ ഇക്കാര്യത്തിൽ ഇനി എന്തെങ്കിലും തുടർനടപടികൾ ഉണ്ടാകാനിടയുള്ളു.
ഭക്തന്മാർക്കു സുഗമമായ ദർശനം നടത്തുന്നതിനായുള്ള ക്രമീകരണങ്ങൾ മിക്കവാറും പുർത്തിയായതായി ഗവൺമെന്റു വൃത്തങ്ങളും ദേവസ്വം ബോർഡും അറിയിച്ചു. പോലീസ്, വൈദ്യുതി, ആരോഗ്യം തുടങ്ങിയ വകുപ്പുകൾ നേരത്തെ തന്നെ സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും എരുമേലിയിലും ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. മകരവിളക്കുത്സവം കഴിയുന്നതുവരെ ഈ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ തുടരും.
ക്രമസമാധാനപ്രശ്നങ്ങൾ കാര്യമായി പ്രതീക്ഷിക്കുന്നില്ലെങ്കിലും പോലീസ് ജാഗ്രതയിൽത്തന്നെയാണ്. ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പോലിസിനെ പലയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. അടിയന്തിരഘട്ടങ്ങൾ ഉണ്ടായാൽ നേരിടുന്നതിനായി ദ്രുതകർമസേനയും രംഗത്തുണ്ട്.
രാവിലെ മൂന്നു മണിയ്ക്കാണ് സന്നിധാനത്തു നട തുറക്കുക. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് അടച്ച്, വൈകിട്ടു മൂന്നു മണിയ്ക്ക് വീണ്ടും തുറക്കും. രാത്രി പതിനൊന്നു മണിയ്ക്ക് ഹരിവരാസനം പാടി വീണ്ടും നടയടയ്ക്കുന്നതോടെ ഒരു ദിവസത്തെ വിശുദ്ധകർമങ്ങൾക്കു പരിസമാപ്തിയാകും.
17.11. 2019
സ്വാമിയേ ശരണമയ്യപ്പാ 🌹🙏
ReplyDelete👍👌👌
ReplyDelete