Tuesday, January 7, 2020

ശബ്ദവിസ്മയത്തിന്റെ പൂന്തോട്ടമൊരുക്കി റേഡിയോ ഗാർഡൻ


പ്രിൻസ്‌ അലക്സ്‌ :
ഒരു കുഞ്ഞു ട്രാൻസിസ്റ്റർ റേഡിയോ ട്യൂൺ ചെയ്തു സിലോൺ റേഡിയോയും റേഡിയോ മോസ്കോയും ബി.ബി. സിയും റേഡിയോ നെതർലൻസും ചെവിയോർത്തിരുന്ന ഒരു ബാല്യകാലം നിങ്ങൾക്കുണ്ടായിരുന്നോ? അതെയെന്നാണുത്തരമെങ്കിൽ നിങ്ങൾക്കു സ്വാഗതം - ശബ്ദവസന്തത്തിന്റെ പൂന്തോട്ട ത്തിലേക്ക്‌!



അതെ; കാലത്തിനൊത്തു റേഡിയോപ്രക്ഷേപണവും മാറുകയാണ്‌. ഒരു കമ്പ്യൂട്ടറോ മൊബൈൽ ഫോണോ ഉണ്ടെങ്കിൽ ലോകത്തിന്റെ ചുറ്റുംനിന്ന്‌, ഏതാണ്ട്‌ എണ്ണായിരത്തോളം റേഡിയോ പ്രക്ഷേപണങ്ങൾ സ്ഫുടതയോടെ ആസ്വദിക്കാനാകുന്ന സംവിധാനം നിലവിൽ വന്നുകഴിഞ്ഞു. മലയാളത്തിലെ ഇരുപതോളം സ്റ്റേഷനുകളും നിങ്ങൾക്കിതിൽ കേട്ടാനന്ദിക്കാം. ഇന്റർനെറ്റിലെ ഈ വലിയ ശബ്ദപേടകത്തിന്റെ പേര്‌ - റേഡിയോ ഗാർഡൻ.

നെതർലൻഡ്സ്‌ ആസ്ഥാനമാക്കിയുള്ള നെതർലാൻഡ്സ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഫൊർ സൗണ്ട്‌ ആൻഡ്‌ വിഷൻ ആണ്‌ ഈ ഭ്രാന്തൻ ആശയം സാക്ഷാൽക്കരിച്ചിരിക്കുന്നത്‌. ഒരു കോടിയ്ക്കടുത്തു ശ്രോതാക്കൾ ഓരോ മാസവും ഈ വെബ്സൈറ്റിൽ കേഴ്‌വിക്കാരായിയെത്തുന്നെന്നാണു കണക്ക്‌.

വളരെ എളുപ്പത്തിൽ നിങ്ങൾക്ക്‌ ഈ ഗാർഡൻ സന്ദർശിക്കാം; പാട്ടുകളോ ചർച്ചകളോ, വാർത്തകളോ കേൾക്കാം. ഇന്റർനെറ്റിന്റെ അഡ്രസ്സ്‌ ബാറിൽ https://radio.garden/ എന്നു ടൈപ്പു ചെയ്യുക. ഒരു ഭൂഗോളത്തിന്റെ ചിത്രം കറങ്ങിക്കറങ്ങി വരും; അതു നമ്മളിപ്പോഴുള്ളയിടത്തു നിശ്ചലമാകുമ്പോൾ അവിടെക്കാണുന്ന പച്ചനിറമുള്ള കുത്തുകളിൽ ക്ളിക്കു ചെയ്താൽ ആ സ്ഥലത്തുനിന്നുള്ള റേഡിയോ പ്രക്ഷേപണം നമുക്കു തിരഞ്ഞെടുക്കാനാകും. ഉദാഹരണത്തിനു ഞാനിപ്പോഴുള്ള തിരുവനന്തപുരം നഗരത്തിൽ അനന്തപുരി എഫ്‌.എം, ആകാശവാണി, ക്ളബ്‌ എഫ്‌.എം തുടങ്ങി ഒൻപതു സ്റ്റേഷനുകൾ കിട്ടുന്നുണ്ട്‌. ഇനി മറ്റൊരിടത്തെ പ്രക്ഷേപണമാണു കേൾക്കേണ്ടതെങ്കിൽ, അതു ലോകത്തെവിടെയുമാകട്ടെ, ഒരു ക്ളിക്കിന്റെ അകലമേ അവിടേക്കുള്ളു. ഇതാണു റേഡിയോ ഗാർഡന്റെ മാജിക്‌. തിരുവനന്തപുരത്തിരുന്നു കണ്ണൂരിലെ എഫ്‌.എം പരിപാടികൾ തടസ്സമില്ലാതെ കേൾക്കാനാകുക - കുറെ വർഷങ്ങൾക്കു മുമ്പു ചിന്തിക്കാൻ പോലുമാകാതിരുന്ന കാര്യം.

റേഡിയോ ഗാർഡൻ അവതരിപ്പിച്ചത്‌ ഇന്ത്യൻ സ്പേസ്‌ റിസർച്ച്‌ ഓർഗനൈസേഷനാണെന്ന തരത്തിൽ ഒരു പ്രചാരണം സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്‌. അതു ശുദ്ധകളവാണ്‌. ഐ.എസ്‌. ആർ. ഒയ്ക്ക്‌ ഇതുമായി ഒരു ബന്ധവുമില്ലെന്നതാണു സത്യം.  

പുതുവഴികൾ കണ്ടെത്തി ശബ്ദവീചികൾ നമ്മെ തേടി വരികയാണ്‌; റേഡിയോ മരിക്കുന്നുവെന്നു പറയുന്നതു ശുദ്ധമണ്ടത്തരം. 

കൂടുതൽ പറയുന്നില്ല; ട്യൂൺ ചെയ്യുക; ഗൃഹാതുരത്വത്തോടെ കേട്ടു നോക്കുക - റേഡിയോഗാർഡനിലേക്കു സ്വാഗതം.

07.01.2020