പ്രിൻസ് അലക്സ്
ഒരു പുസ്തകം ഒന്നിലധികം തവണ വായിക്കാൻ നിങ്ങൾക്കു തോന്നുന്നുവെങ്കിൽ അതൊരു മികച്ച കൃതിയായിരിക്കുമെന്നു പറഞ്ഞതാരാണെന്നോർമയില്ല. അങ്ങിനെ വിശ്വസിച്ചാൽ, കെ. രാധാകൃഷ്ണന്റെ ശമനതാളം മികച്ച ഒരു രചനയാണ്.
കോഴിക്കോടു മെഡിക്കൽ കൊളജിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരുടെ ജീവിതതാളത്തിന്റെ കഥ പറയുകയാണ് ഈ കൃതി. അതിൽ നേരായ മിടിപ്പുകളുണ്ട്, താളം തെറ്റലുകളുണ്ട്, ചിലപ്പോൾ ഋജുവായും മറ്റൊരിക്കൽ തെറ്റിയും മിടിക്കുന്ന ഹൃദയങ്ങളുണ്ട്. രോഗങ്ങൾക്കു മുമ്പിൽ പിടിച്ചു നിൽക്കാൻ രോഗിയെ ഉപദേശിക്കുന്ന ചികിത്സകൻ ഇത്ര വ്യഥകളുടെ മാറാപ്പുമായാണോ നടക്കുന്നതെന്ന് വായനയ്ക്കിടയിൽ, പലപ്പോഴും നമ്മൾ ചോദിച്ചുപോകും.
ബാലു എന്ന ഡോ. ബാലകൃഷ്ണനെ ചുറ്റിപ്പറ്റിയാണ് ഈ കഥ മുന്നോട്ടു പോകുന്നത്. ആത്മസംഘർഷങ്ങൾ, ജോലിസ്ഥലത്തെ പ്രശ്നങ്ങൾ, കുടുംബത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങൾ - ഇങ്ങിനെ കൂട്ടിയാൽ കൂടാത്ത കെട്ടുപാടുകൾ വരിഞ്ഞുമുറുക്കുമ്പോഴും എല്ലാം ഇട്ടെറിഞ്ഞു പോകാൻ അദ്ദേഹത്തിനു സാധിക്കുന്നില്ല.
ജീവിതത്തിൽ എപ്പോഴും കൂടെ നിന്ന പത്നി രോഗക്കിടക്കയിലാകുമ്പോഴും മകളുടെ ചിന്തകൾ വഴിമാറി സഞ്ചരിക്കുമ്പോഴും നിസ്സഹായതയോടെ നിൽക്കാനേ ബാലുവിനു കഴിയുന്നുള്ളൂ. പഠനകാലത്തു സംഭവിച്ച ചില പിഴവുകൾ പ്രതീക്ഷിക്കാത്ത നേരത്ത് ഈ ദുരിതങ്ങളുടെ കനം കൂട്ടുകയും ചെയ്യുന്നതോടെ ആ താളം തെറ്റിത്തുടങ്ങുകയാണ്.
മറ്റൊരു ദുരന്തകഥാപാത്രം രതി എന്ന പെൺകുട്ടിയാണ്. ഇഷ്ടപ്പെട്ട് ഒരു വിവാഹം നടന്നുവെങ്കിലും മനസ്സു കൊണ്ടും പ്രവൃത്തി കൊണ്ടും ഒരു കുടുംബിനിയാകാൻ അവൾക്കു സാധിക്കുന്നില്ല. എന്നാൽ ഭർത്താവിനെ രതി അമിതമായി സ്നേഹിക്കുകയും ചെയ്യുന്നു.
പിന്നെയും പിന്നെയും ഇതേപോലെ ദുഃഖകഥാപാത്രങ്ങൾ വന്നു പോകുകയാണ് ഇതിലുടനീളം. വായിച്ചു തീർന്നാലും ഒരു ദുരന്തകാവ്യം പോലെ ഈ ജീവിതങ്ങൾ നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും.
എന്നിട്ടും നമ്മൾ ഈ പുസ്തകം ഇഷ്ടപ്പെടുക തന്നെ ചെയ്യും. കഥകളും ഉപകഥകളുമെല്ലാം ജീവിതത്തിൽനിന്നന്യമായി നമുക്കു തോന്നില്ലയെന്നതാണിതിനു മുഖ്യകാരണം. ബാലുവും വേണിയും രതിയുമൊക്കെ എപ്പോഴും സമൂഹത്തിൽ കാണേണ്ടി വരുന്നവരാണല്ലോ! മാറുന്നതു ചില പേരുകൾ മാത്രം.
നിരവധി പുരസ്കാരങ്ങൾ ലഭിച്ച ശമനതാളം പ്രസിദ്ധീകരിച്ചതു മാതൃഭൂമിയാണ്. നഹൂഷപുരാണം എന്ന നോവലും കെ. രാധാകൃഷ്ണന്റെ വകയാണ്. 2001ൽ അദ്ദേഹം അന്തരിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷേ, കുറെ കനപ്പെട്ട സംഭാവനകൾ കൂടി മലയാളസാഹിത്യത്തിനു ലഭിച്ചേനേ.
ഈ കഥയെ ആസ്പദമാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്തവതരിപ്പിച്ച ടി.വി. സീരിയൽ വളരെ ജനപ്രീതി നേടി. ഡോ. ബാലകൃഷ്ണനായി ഇതിൽ അഭിനയിച്ചത് ശ്രീ ബാലചന്ദ്രമേനോനാണ്.
എത്രയൊക്കെ പോയാലും ജീവിതമെന്നത് തെറ്റിയും തെറിച്ചും ശമിച്ചുപോകുന്ന ഒരു താളം മാത്രമെന്നു നമ്മെ ചിന്തിപ്പിക്കുന്നു ഈ പുസ്തകം.
24.12.2014