കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആശ്രാമത്തെ ജില്ലാ ആയുർവേദ ആശുപത്രി നടപ്പിലാക്കി വരുന്ന സാന്ത്വനപരിചരണപദ്ധതിയ്ക്ക് ഒരു വയസ്. 2018 നവംബറിൽ ആരംഭിച്ച ഈ സംരംഭം മുഖേന ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 350ലധികം കിടപ്പുരോഗികൾക്കു നേരിട്ടു പ്രയോജനം ലഭിക്കുകയുണ്ടായി. അടുത്ത ഒരു വർഷം കൊണ്ട് ഇതിനിരട്ടി ആൾക്കാരെ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാനാണു ലക്ഷ്യമിടുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർക്കാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല. അദ്ദേഹത്തിനു കീഴിൽ ഒരു മെഡിക്കൽ ഓഫിസറും കെയർടേക്കറും ഉൾപ്പെടുന്ന മെഡിക്കൽ ടീം ഓരോരോ പ്രദേശങ്ങളിലായി വീടുകളിൽ സന്ദർശനം നടത്തി ഔഷധങ്ങളും ചികിത്സയും നൽകുന്ന ഹോം കെയർ പരിപാടിയാണ് ഇപ്പോൾ ആസൂത്രണം ചെയ്തു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അപകടങ്ങളിൽ കടുത്ത പരുക്കുകൾ പറ്റി ശയ്യാവലംബികളായവർ, കാൻസർ രോഗികൾ, പക്ഷാഘാതരോഗികൾ, ജനിതകവൈകല്യങ്ങളാലും ജന്മനായുള്ള തകരാറുകളാലും ചലനസ്വാതന്ത്ര്യമില്ലാതെയായവർ, ബുദ്ധിമാന്ദ്യമുള്ളവർ തുടങ്ങിയവർക്കാണ് ഇതു മൂലം പരമാവധി പ്രയോജനം ലഭിക്കുക. രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി വരുന്ന കൗൺസിലിംഗും ഹോം കെയർ പരിപാടിയുടെ ഭാഗമാണ്. രണ്ടാംഘട്ടമായി, കിടത്തിച്ചികിത്സ ആവശ്യമായ രോഗികളെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ പരിചരണം നൽകാനുള്ള പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി മെഡിക്കൽ ടീം കോർഡിനേറ്റർ ഡോ. ശ്രീരാജ് മോഹൻ പറഞ്ഞു.
ഔഷധങ്ങൾക്കുൾപ്പെടെ, സാന്ത്വനപരിചരണ പദ്ധതിയ്ക്കാവശ്യമായ തുക ലഭ്യമാക്കിയിരിക്കുന്നത് കൊല്ലം ജില്ലാ പഞ്ചായത്താണ്. ഭവനസന്ദർശനത്തിനാവശ്യമായി വാഹനവും വിട്ടു നൽകിയിട്ടുണ്ട്. ഓരോ പഞ്ചായത്തിലുമുള്ള മെഡിക്കൽ ഓഫീസർമാരുടെ സഹകരണവും ആശാവർക്കർമാരുടെ സേവനവും ഉറപ്പുവരുത്തി ആരോഗ്യവകുപ്പും ഇക്കാര്യത്തിൽ കലവറയില്ലാത്ത സഹായം നൽകുന്നുണ്ട്. ജനപ്രതിനിധികളും ഇതര പൊതുപ്രവർത്തകരും മെഡിക്കൽ ടീമിനൊപ്പം രോഗികളുടെ വീടുകളിലെത്തി ഈ പ്രവർത്തനങ്ങളുടെ ഏകോപനം ഉറപ്പുവരുത്തുന്നു. പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും അത്യാവശ്യഘട്ടങ്ങളിൽ ഏതു സമയവും മൊബൈൽ നമ്പർ വഴി മെഡിക്കൽ ടീമുമായി ബന്ധപ്പെടാൻ കഴിയും.
ആയുർവേദ ആശുപത്രി വഴി നടപ്പാക്കിവരുന്ന സാന്ത്വനപരിചരണപദ്ധതിയെപ്പറ്റി കേട്ടറിഞ്ഞ് സഹായഹസ്തം വാഗ്ദാനം ചെയ്തവർ നിരവധി. രോഗികൾക്കു വേണ്ടി ഡയപ്പറുകൾ, പുതപ്പുകൾ, വസ്ത്രങ്ങൾ തുടങ്ങിയവ നൽകുന്നതിനു വ്യക്തികളും സംഘടനകളും മുന്നോട്ടു വന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ഓണത്തിന് ഏറ്റവും നിർദ്ധനരായ ഇരുപത്തിയഞ്ചു രോഗികളെ തിരഞ്ഞെടുത്ത് അരി, പലവ്യഞ്ജനം, പച്ചക്കറികൾ, ഓണക്കോടി എന്നിവയടങ്ങുന്ന കിറ്റ് വിതരണം ചെയ്യുകയുണ്ടായി. ഇതിന്റെ ഭാഗമായി നടന്ന ഭവനസന്ദർശനത്തിൽ ജില്ലാ പഞ്ചായത്തു പ്രസിഡന്റ്, ആരോഗ്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ തുടങ്ങിയവർ ആദ്യാവസാനം പങ്കെടുത്തു.
ജില്ലാ ആസ്ഥാനത്തോടു ചേർന്ന പഞ്ചായത്തുകളിലാണ് ഇപ്പോൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അധികം താമസിയാതെ തന്നെ ജില്ലയുടെ വിദൂരഭാഗങ്ങളിലും പദ്ധതി വ്യാപിപ്പിക്കാൻ സാധിക്കുമെന്നാണ് ആശുപത്രി അധികൃതരുടെ പ്രതീക്ഷ.
18.11.2019
18.11.2019